ഒരു ക്വാറന്റൈൻ രാത്രിയിൽ!

അന്യ നാട്ടിൽ നിന്നും സ്വന്തം നാട്ടിലേക്ക് വരുമ്പോൾ മനുഷ്യർ തുരുത്തുകളായി മാറേണ്ടി വരുന്ന കൊറോണ കാലം. ബാംഗ്ളൂരിൽ നിന്നും വീട്ടിലേക്കെത്തി ഞങ്ങളും ഒരു തുരുത്തായി മാറി 28 ദിവസത്തെ ക്വാറന്റൈൻ ജീവിതത്തിലേക്ക് കടന്നു.ഞങ്ങൾ എന്നാൽ ഞാനും ഭാര്യയും എന്റെ കസിനും. വീട്ടുകാരും സുഹൃത്തുക്കളും ഒരു ജലപ്പരപ്പിനു അപ്പുറം ഞങ്ങളിൽ നിന്ന് അകലെയായിരുന്നു, മനസ്സ് കൊണ്ട് അടുത്തും.

സാധാരണയായി ഒരു തണുത്ത കാറ്റടിച്ചാൽ പോലും ജലദോഷവും പനിയും പിടിച്ച് ഞാൻ ഫ്ലാറ്റാകാറാണ് പതിവ്. നാട്ടിൽ മഴക്കാലംകൂടെ ആണെന്നതിനാൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഭക്ഷണം കഴിക്കാൻ ഹെൽത്ത് ഡിപ്പാർട്മെന്റിൽ നിന്നും നിർദ്ദേശിച്ചിരുന്നു. കാലത്ത് ജിഞ്ചർ ടീ, ഉച്ചക്ക് ചോറിനൊപ്പം രസവും ഇലക്കറികളും, വൈകിട്ട് ചുക്ക് കാപ്പി ഇവയൊക്കെ കഴിക്കാൻ തുടങ്ങി. പിന്നെ കസിൻ ‘കൊറോണ വാട്ടർ’ എന്ന് നാമകരണം ചെയ്ത ചൂട് നാരങ്ങാ വെള്ളവും ഗോ കൊറോണ ഗോ എന്ന ദേശീയ മന്ത്രത്തിനൊപ്പം സേവിച്ചു.

അങ്ങനെ പതിവ് പോലെ ഭക്ഷണവും വായനയും ടിവിയിലെ സിനിമാ കാഴ്ചയും ഒക്കെ കഴിഞ്ഞ് 11 മണിയോടെ കൊറോണ നാമം ജപിച്ച് ഉറങ്ങാൻ കിടന്നു. പുറത്ത് കർക്കടകത്തെ വരവേൽക്കാൻ എന്ന പോലെ മഴയും കാറ്റും ആഘോഷത്തിലാണ്. ആഘോഷങ്ങളെല്ലാം നിലച്ച് കൂട്ടിൽ അടക്കപ്പെട്ട മനുഷ്യനെ പ്രകൃതി പരിഹസിക്കുന്നത് പോലെ. പഴയ ബാംഗ്ലൂർ ആഘോഷങ്ങളുടെ ഓർമ്മയിൽ ഊളിയിട്ട ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി. തുറന്നിട്ടിരിക്കുകയായിരുന്ന ഏതോ ജനാല കാറ്റിനാൽ അടയുന്ന ശബ്ദം കേട്ടാണ് ഉണർന്നത്.

പുറത്ത് മഴ കുറഞ്ഞിരിക്കുന്നു. മൊബൈൽ എടുത്ത് സമയം നോക്കി. 1 മണി. പുതപ്പ് ഒന്ന് കൂടെ ശരീരത്തിലേക്ക് വലിച്ചിട്ട് ഉറക്കത്തിന്റെ സുഖത്തിലേക്ക് വീണ്ടും പോകാൻ ഒരുങ്ങിയപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്. വാതിലിന് അടിയിലൂടെ ഒരു വെളിച്ചം കടന്നു വരുന്നു.അൽപ സമയം ഇരുട്ടായതിന് ശേഷം വീണ്ടും വെളിച്ചം വരുന്നു. ഒപ്പം മുറിക്ക് അപ്പുറത്ത് ഹാളിൽ ആരോ നടക്കുന്ന ശബ്ദവും. മനസ്സിൽ ഭയം മണിച്ചിത്രത്താഴിലെ മ്യൂസികിന്റെ അകമ്പടിയോടെ പടരാൻ തുടങ്ങി. ഞാൻ ഭാര്യയെ ഉണർത്തി ലൈറ്റ് ഇടാൻ പറഞ്ഞു. കാറ്റും മഴയും വന്നു വിളിച്ചപ്പോൾ കറന്റ് കൂടെപോയെന്ന നഗ്ന സത്യം അപ്പോഴാണ് ഞങ്ങൾ മനസിലാക്കിയത്. മൊബൈലിൽ ഫ്‌ളാഷ് ലൈറ്റിന്റെ നുറുങ്ങ് വെട്ടവുമായി പതുക്കെ ഞങ്ങൾ വാതിൽ തുറക്കാനായി നടന്നു. ഇനി കസിൻ ആയിരിക്കുമോ? പക്ഷെ സാധാരണയായി അവൻ കിടക്ക കണ്ടാൽ ശവമാണ്.

ഞാൻ വാതിൽ തുറന്നു. നിലത്തേക്ക് ഫ്ലാഷ് ലൈറ്റ് അടിച്ച് കൊണ്ട് ഒരു രൂപം ഹാളിൽ ഉലാത്തുകയാണ്. ഞാൻ മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് അടിച്ചു. ദേ കസിൻ!!

“പേടിപ്പിച്ച് കളഞ്ഞല്ലോടാ. നിനക്ക് ഉറക്കവും ഇല്ലേ?” ഞാൻ ചോദിച്ചു

“ഏഹ്.. നിങ്ങൾ ഉറങ്ങിയില്ലേ. ഇങ്ങളല്ലെ എന്നെക്കൊണ്ട് നടന്നാൽ കോയിൻ കിട്ടുന്ന STEP SET GO എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ചേ”

“അതിന് ഈ പാതിരാത്രിയിലാണോ നടക്കുന്നെ?”

“അയ്യോ അതറിയില്ലേ? ഇപ്പൊ എന്റെ ടർബോ ടൈം ആണ്. സാധാരണ 1000 സ്റ്റെപ്പിന് ഒരുകോയിൻ അല്ലേ, ഈസമയം നടന്നാൽ 1000 സ്റ്റെപ്പിന് 1.5 കോയിൻ കിട്ടും. ഇങ്ങനെ കുറെ കോയിൻ ആക്കിയിട്ട് വേണം എനിക്ക് ഈ ആപ്പിൽ നിന്നും ഐ ഫോൺ വാങ്ങിക്കാൻ. ഇങ്ങള് കിടന്നോ ഞാൻ ഒരു 10000 സ്റ്റെപ്പ് കൂടെ നടന്നിട്ടെ കിടക്കുന്നുള്ളു”

“എന്നാ പിന്നെ അങ്ങനെ ആവട്ടെ”

ന്യുജെൻ നാഗവല്ലിയോട് ഗുഡ് നൈറ്റ് പറഞ്ഞ് ഞാൻ വീണ്ടും ഉറങ്ങാൻ കിടന്നു.

Share:
Category:Stories
PREVIOUS POST
ഭാര്യ
NEXT POST
പ്രേമലേഖനം
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!