പ്രേമലേഖനം

ക്ലാസ്സ്‌ തുടങ്ങി ഏതാണ്ട് ഒരു മാസം ആയപ്പോൾ ആണ് അവൾ കോളേജിൽ വന്നു ചേർന്നത്‌ … വന്നപ്പോൾ മുതൽ എല്ലാവരുടെയും ശ്രദ്ധ അവളിൽ തന്നെയായിരുന്നു …എന്തിനേറെ പറയുന്നു ടീച്ചർമാരുടെ വരെ …അത്രയ്ക്ക് സുന്ദരി … കാണാൻ സാമന്തയെ പോലെ തന്നെ … !

കോളേജിൽ വന്നതിന്റെ പിറ്റേ ദിവസം മുതൽ ഓരോരുത്തൻമാർ അവളെ പ്രോപോസ് ചെയ്തു തുടങ്ങി …അവളുടെ ഡിപ്പാർട്ട്മെന്റിൽ ഉള്ളവരും മറ്റു ഡിപ്പാർട്ട്മെന്റിൽ ഉള്ളവരും ഒക്കെ … ചിലർഅവളെ വരാന്തയിൽ തടഞ്ഞു നിർത്തി ഇഷ്ടം പറഞ്ഞു ,ചിലർ കോളേജ് ബസ്‌ സ്റ്റോപ്പിൽ വെച്ച് ,ചിലർ ഫുഡ് കോർട്ടിൽ വെച്ച് ,അവളുടെ ക്ലാസ്സിലെ ചിലർ ക്ലാസ്സിൽ വെച്ച് തന്നെ …അതിൽ പഠിപ്പിസ്റ്റുകളും ,അതീവ സുന്ദരന്മാരും, പണക്കാരും ഒക്കെ ഉണ്ടായിരുന്നു.

പക്ഷെ അവർക്കൊന്നും പിടി കൊടുക്കാതെ അവൾ അവരുടെ ഇടയിലൂടെ ധൈര്യമുള്ള പേട മാൻ സിംഹങ്ങളുടെ ഇടയിൽ കൂടി നടക്കും പോലെ അവൾ അവർക്കിടയിലൂടെ നടന്നു …

ശെരിക്കും ഒരു അന്തർമുഖി ആയിരുന്നു അവൾ. ആരോടും അധികം സംസാരിക്കില്ല , ആണുങ്ങളോട് ഒട്ടും തന്നെ സംസാരിക്കില്ല. നടപ്പ് ഒറ്റയ്ക്ക് ,ക്ലാസിലെ ഇരുപ്പു ഒറ്റയ്ക്ക്. ഇടയ്ക്ക് ക്ലാസ്സിൽ ഇരുന്നു ജനാലയിലൂടെ ദൂരേക്ക് നോക്കി എന്തോ ആലോചിച്ചു ഇരിക്കുന്നത് കാണാം. ഇടയ്ക്ക് ആളൊഴിഞ്ഞ കോളേജ് വരാന്തയിൽ ഒറ്റയ്ക്ക് നിൽക്കുന്നത് കാണാം … ലൈബ്രറിയിൽ പോയാലും ഒറ്റയ്ക്ക് …അവിടത്തെ ഇരുപ്പും ,എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറി തന്നെ ! കുറച്ചു ദിവസങ്ങൾ കൊണ്ട് ആ ക്ലാസ്സിലെ ഏറ്റവും വലിയ പഠിപ്പിസ്റ്റ് അവളാണെന്നും എല്ലാവർക്കും മനസ്സിലായി

ഒരു ദിവസം ആ കോളേജ് കണ്ടത് സംഭവിക്കാൻ ഒരു സാധ്യതയും ഇല്ലാത്ത ഒരു അത്ഭുതത്തെയാണ് … അവൾ ആ കോളേജിൽ പഠിക്കുന്ന ഒരു ആൺകുട്ടിയോട് സംസാരിക്കുന്നു …അതും അവളുടെ ക്ലാസ്സിലെ തന്നെ …അതവളുടെ വല്ല പരിചയക്കാരൻ ആയിരിക്കും , വെറുതേ ഒന്ന് മിണ്ടീതായിരിക്കും എന്ന് അവളോട്‌ ഇഷ്ടം പറഞ്ഞ ചുള്ളന്മാർ സ്വയം ആശ്വസിച്ചു … മറ്റുള്ളവരും ഏതാണ്ട് അങ്ങനെ തന്നെയാണ് വിചാരിച്ചതും …

പക്ഷെ സംഗതി അതല്ല എന്ന് രണ്ടു ദിവസം കൊണ്ട് എല്ലാവർക്കും മനസ്സിലായി …കാരണം എന്നതാന്നോ ,ബ്രേക്കിന് പോവുമ്പോഴും ,കഴിക്കാൻ പോകുമ്പോഴും ,വരാന്തയിൽ നിൽക്കുമ്പോഴും ,ലൈബ്രറിയിൽ പോകുമ്പോഴും എല്ലാം അവളും അവനും ഒരുമിച്ചായിരുന്നു …ആ കോളേജിലെ പ്രധാന സംസാര വിഷയം ആയി മാറി അവരുടെ പ്രണയം … കാരണം ഉണ്ട് …പറയട്ടെ ??? അവളുടെ ആ ചെക്കൻ ഉണ്ടല്ലോ ,അത് വരെ അവനെ ആരും ആ കോളേജിൽ ശ്രദ്ധിച്ചിട്ടില്ല …അവന്റെ ക്ലാസ്സിൽ ഉള്ളവർ പോലും … കാരണം അവനു പറയത്തക്ക ഗുണങ്ങൾ ഒന്നും ഇല്ലായിരുന്നു …സാധാരണ കുടുംബം , കാണാൻ ശരാശരി…,കാര്യമായി പഠിക്കില്ല …അങ്ങനെ ഉള്ളൊരു സാധാരണ പയ്യനെ അവൾ എങ്ങനെ ഇഷ്ടപെടും ???അതായിരുന്നു അവരുടെ ഒക്കെ ചിന്ത !

അങ്ങനെ ഒരു ദിവസം നമ്മുടെ ആ സുന്ദരി കൊച്ചും അവനും കൂടി കോളേജ് കഴിഞ്ഞു ബസ് സ്റൊപ്പിലോട്ടു നടന്നു പോകുന്നു …അപ്പോൾ അവൻ അവളോട്‌ പറഞ്ഞു ,

“ഇപ്പോൾ കോളേജിൽ ഉള്ളവരൊക്കെ എന്നെ അത്ഭുതത്തോടെയാ നോക്കുന്നെ …”

അവൾ -“അതെന്നാ ???”

അവൻ – “ഇയാൾ എന്നെ ഇഷ്ടപെട്ടിട്ടു …”

അവൾ -“എന്നാരു പറഞ്ഞു ??? “

അവൻ -“അപ്പൊ എന്നെ ഇഷ്ടല്ലേ ??? “

അവൾ വായ പൊത്തി ഒന്ന് ചിരിച്ചു , നിഷ്കളങ്കമായ അവന്റെ ചോദ്യം കേട്ട് …

അവൻ ചോദിച്ചു ,”ഒരുപാട് പേര് തന്നെ പ്രോപോസ് ചെയ്തെന്നു എനിക്കറിയാം …പക്ഷെ എന്നെ മാത്രം ഇഷ്ടപെടാൻ എനാ കാരണം ??? എത്ര ആലോചിച്ചിട്ടും എനിക്ക് കിട്ടീല …”

അവൾ – “അതോ ???”

അവൻ -“ഉം ..അത് …”

അവൾ -“പറയട്ടെ ???”

അവൻ -“ഉം ..പറ …”

അവൾ -“അല്ലെങ്കിൽ വേണ്ടാ …”

അവൻ -“എന്നാ വേണ്ടാ …ഞാൻ പോവ്വാ …”

അവൾ -“യ്യോ ..പോവല്ലേ … ഞാൻ പറയാം …”

അവൻ ഒന്നും മിണ്ടീല ….

അവൾ -“എനിക്ക് അന്ന് എഴുതിയ എഴുത്ത് ഓർമ്മയുണ്ടോ ???”

അവൻ പറഞ്ഞു -“കുറച്ച് …”

അവൾ -” ഞാൻ പറയാം അതിൽ എഴുതിയത് …” അവൾ ആ എഴുത്തിലെ വരികൾ പറഞ്ഞു തുടങ്ങി …

” നീ ഒറ്റയ്ക്കിരിക്കുന്നത് കാണുമ്പോൾ അടുത്ത് വന്നിരിക്കാൻ എനിക്ക് തോന്നിയിട്ടുണ്ട് …ക്ലാസ്സിൽ ജനാലയിലൂടെ ദൂരെക്ക് നോക്കി നീ ഇരിക്കുമ്പോൾ ആരും കാണാതെ ആ കണ്ണ് നിറയുന്നത് ഞാൻ കണ്ടിട്ടുണ്ട് … കയ്യിലെ തൂവാല നിന്റെ നേർക്ക്‌ നീട്ടി ഈ കണ്ണുകൾക്ക്‌ കണ്ണുനീർ ചേരില്ല എന്ന് പറയണമെന്ന് തോന്നിയിട്ടുണ്ട് … ആളൊഴിഞ്ഞ വരാന്തയിൽ ഒറ്റയ്ക്ക് നീ നിൽക്കുമ്പോൾ ,നിന്റെ തൊട്ടടുത്ത്‌ അല്ലെങ്കിലും , കുറച്ചെങ്കിലും അടുത്ത് വന്നു നിന്ന് കൂട്ട് തരണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട് …ബ്രേക്കിൽ ആരോടും കൂട്ട് കൂടാതെ തിരക്കിന്റെ ഇടയിലൂടെ ഒറ്റയ്ക്ക് നീ നടക്കുമ്പോൾ നിന്റെ ഒപ്പം നടന്നു ആ മനസ്സിലെ വിഷമങ്ങൾ ചോദിക്കണം എന്ന് എനിക്ക് തോന്നിയിട്ടുണ്ട് …എനിക്കറിയില്ല അതൊക്കെ എന്ത് കൊണ്ടാണെന്ന് …ഒരുപാട് ഇഷ്ടം ആണെന്ന് മാത്രം അറിയാം എനിക്ക് …. എന്നെ തിരിച്ചു ഇഷ്ടപെടണം എന്ന് പറയാൻ വേണ്ടീട്ടല്ല ഇത്രയും ഞാൻ പറഞ്ഞത് …എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറയാൻ വേണ്ടി മാത്രം …! നിർത്തുന്നു …,പേര് ,ഒപ്പ് … “

“അന്ന് ലൈബ്രറിയിൽ വെച്ച് ഈ കത്ത് എന്റെ കയ്യിൽ തന്നപ്പോൾ കൈ നല്ല പോലെ വിറയ്ക്കുന്നത് ഞാൻ കണ്ടായിരുന്നു …”

അവൻ -“അല്ല ,അത് പിന്നെ ഞാൻ …”

അവൾ -” ഞാൻ ഇവടെ വന്നിട്ട് രണ്ടു മാസം കഴിഞ്ഞു …എന്നെ ഇവിടെ വന്നതിനു ശേഷം ഇഷ്ടം ആണെന്ന് പറഞ്ഞവരൊക്കെ എന്റെ സൗന്ദര്യം കണ്ടിട്ടാണ് പറഞ്ഞതെന്ന് എനിക്ക് നന്നായി അറിയാം … പക്ഷെ എന്നെ ശ്രദ്ധിച്ചു ഇത്രേം മനസ്സിലാക്കി ഇഷ്ടം അറിയിച്ചത് ഇയാൾ മാത്രമാണ്‌ …

ഒരു പെണ്ണ് ആഗ്രഹിക്കുന്നെ അവളുടെ സൌന്ദര്യം കണ്ടു അവളെ സ്നേഹിക്കുന്ന ആണിനെ അല്ല …അവളെ ശ്രദ്ധിച്ചു ,അവളെ മനസ്സിലാക്കി എന്നും അവൾക്കൊരു കൂട്ടായി മാറുന്ന ഒരാളെയാണ് … “

അവൻ -“അപ്പോൾ ഞാൻ അങ്ങനെയാണോ ???”

അവൾ -“പിന്നെന്തുന്നാ അന്ന് എഴുതി തന്നത് …?”

അവൻ -“അല്ല ,ഞാൻ ഇങ്ങനെ ആദ്യായിട്ട് ഇയാളെ ഇഷ്ടപെട്ടപ്പോൾ അങ്ങനെ തോന്നീപ്പോൾ ,അങ്ങനെ എഴുതീപ്പോൾ ,അങ്ങനെ തന്നപ്പോൾ,അങ്ങനെ ഒക്കെ …”

അവൾ -“ഉം ,ഉം …നന്നായിട്ട് എഴുതും ലേ ???”

അവൻ അപ്പോൾ ’24’ സിനിമയിലെ ‘മണി’ (സൂര്യ ) ആയി …എന്നിട്ട് അതെ കള്ള ചിരി ചിരിച്ചു തമിഴിൽ പറഞ്ഞു ,

“ബേസിക്കലി ,നാൻ ഒരു റൈറ്റർ …ഇതെല്ലാം എനക്ക് സർവ സാധാരണമാണ വിഷയം … “

അവന്റെ കണ്ണിൽ നോക്കി നിന്ന അവൾക്കു അത് കേട്ടപ്പോൾ ചിരിയടക്കാൻ കഴിഞ്ഞില്ല … ഇഷ്ടങ്ങൾ പരസ്പരം തിരിച്ചറിഞ്ഞ ആ സുകൃത നിമിഷം !!!

Share:
Category:Love
PREVIOUS POST
ഒരു ക്വാറന്റൈൻ രാത്രിയിൽ!
NEXT POST
സുഖദുഃഖങ്ങള്‍
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!