അപരിചിതർ

ട്രെയിനിലിരിക്കുമ്പോൾ ജനലിനപ്പുറത്ത് ഒരു സിനിമാ സ്‌ക്രീനാണെന്ന് തോന്നിയിട്ടുണ്ട്. യാത്രയിൽ ആ സ്‌ക്രീനിൽ വിവിധങ്ങളായ കാഴ്ചകൾ തെളിയുന്നു. ഓരോ കാഴ്ചയും ഓരോ കഥ പറയുന്നു. വൈകിട്ട് വീട്ടിലേക്കുള്ള പതിവ് ട്രെയിൻ യാത്രയിലാണ് അന്നാദ്യമായി ഞാൻ ആ കാഴ്ച കാണുന്നത്. ട്രെയിൻ പാലത്തിലേക്ക് കടക്കുകയായിരുന്നു. പാലമെത്തുന്നതിന് മുൻപ് ചെറിയൊരു വളവ് ഉള്ളതിനാലാകണം ആ പാലത്തിലൂടെ വേഗത കുറച്ചാണ് ട്രെയിൻ പോകാറുള്ളത്. പുഴയുടെ അഗാധമായ സൗന്ദര്യം കണ്ണിൽ നിറഞ്ഞ് തുടങ്ങിയപ്പോഴാണ് അതിനിടയിലൂടെ ആ കാഴ്ച കടന്നു വന്നത്.

റെയിൽവേ പാലത്തിൽ ട്രെയിൻ വരുമ്പോൾ ആളുകൾക്ക് കയറി നിൽക്കാനായി ഒരു സ്ഥലമുണ്ട്. അവിടെ പുഴയിലേക്ക് കണ്ണും നട്ടിരിക്കുന്ന ഒരു യുവാവും യുവതിയും. അവർ പ്രണയിതാക്കളായിരിക്കും എന്ന് തോന്നി. പിന്നീട് എല്ലാ വൈകുന്നേരങ്ങളിലും അത് ഒരു പതിവ് കാഴ്ചയായിരുന്നു. ട്രെയിൻ പാലത്തിലേക്ക് കടക്കുമ്പോഴെല്ലാം അറിയാതെ തന്നെ കണ്ണുകൾ അവരെ തിരയാൻ തുടങ്ങും. പോകെ പോകെ അവർ ഭാര്യ ഭർത്താക്കന്മാരാണോ എന്ന് തോന്നി.

അങ്ങനെയെങ്കിൽ എന്ത് മനോഹരമാണ് അവരുടെ ദാമ്പത്യം. ഇന്നത്തെ കാലത്ത് ബുള്ളറ്റ് ട്രെയിനിനെക്കാളും വേഗത്തിൽ ദിവസങ്ങൾ കടന്നു പോകുമ്പോൾ, വീട്ടിൽ തന്നെ ഒന്നിച്ചിരിക്കാൻ ഒരിത്തിരി സമയം പോലുമില്ലാത്തവരാണ് നമ്മളിൽ പലരും. അപ്പോഴാണ് ഒരു ഭാര്യയും ഭർത്താവും എല്ലാ വൈകുന്നേരങ്ങളിലും വീട്ടിൽ നിന്നിറങ്ങി പ്രകൃതിയുടെ മനോഹാരിതയിൽ ഒന്നിച്ച് സമയം ചിലവഴിക്കുന്നത് എന്നോർക്കുമ്പോൾ അവരോട് അസൂയ തോന്നി. പുഴയുടെ ഓളങ്ങളിലേക്ക് ഉറ്റ് നോക്കിക്കൊണ്ട് പുഴയെ തഴുകുന്ന കാറ്റിനെ ആസ്വദിച്ചുകൊണ്ടുള്ള അവരുടെ വർത്തമാനങ്ങളിൽ പുഴയോളം പ്രണയം നിറഞ്ഞിരിക്കാം. ഓരോ വൈകുന്നേരവും ആ കാഴ്‌ച എന്റെ മനസ് നിറച്ചു.

ജീവിതം ട്രെയിൻ സിഗ്നൽ പോലെയാണ്, എല്ലാ കാലവും ഒരേ സിഗ്നൽ തെളിയില്ല. അത് മാറി മാറി വരും. ഒരു ദിവസം പതിവ് പോലെ അവരെ തിരഞ്ഞ എന്റെ കണ്ണുകൾ നിരാശരായി. അവരുടെ സ്ഥാനത്ത് ശൂന്യത മാത്രം. അവരെ തഴുകാനായെത്തി നിരാശ പൂണ്ട കാറ്റ് ട്രെയിനിനുള്ളില്ലേക്ക് കടന്ന് വന്ന് എനിക്കൊപ്പം സങ്കടം പങ്കിട്ടു.

ആ ഒരു ദിവസം പല ദിവസങ്ങൾക്ക് വഴി മാറി. അവർ ബാക്കിയാക്കിയ ശൂന്യത മനസ്സിൽ ചോദ്യങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ചു. എവിടെ പോയി അവർ? എന്തായിരിക്കും അവർക്ക് സംഭവിച്ചത്? ആരോട് ചോദിക്കും? ഓരോ ദിവസവും ഈ ചോദ്യങ്ങൾ മനസ്സ് ആവർത്തിച്ചുകൊണ്ടിരുന്നു. ഒരിക്കലും നേരിട്ട് പരിചയപ്പെടാത്ത, ആരെന്നോ എന്തെന്നോ അറിയാത്ത രണ്ട് പേരെ കുറിച്ചോർത്ത് മനസ്സ് ഏറെ ആശങ്കപ്പെട്ടു. ചിലപ്പോൾ അങ്ങനെയാണ് അപരിചിതർ പോലും പ്രിയപ്പെട്ടവരെ പോലെ നമ്മളെ സ്വാധീനിച്ച്‌ കളയും. ഓരോ ദിവസവും പത്രം തുറക്കുമ്പോഴും, എന്നെ ഏറ്റവും സന്തോഷിപ്പിച്ച ഒരു കാഴ്ച ഏറ്റവും സങ്കടകരമായ ഒരു വാർത്തയാകുമോ എന്ന് ഞാൻ ഭയന്നു. ഒരു പക്ഷെ ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ചായിരിക്കുമോ അവർ അവിടെയിരുന്ന് സംസാരിച്ചിട്ടുണ്ടാവുക? മനസ്സിൽ അശുഭ ചിന്തകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ ദിവസങ്ങൾ കുതിച്ചു പാഞ്ഞു. ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ…പുതിയ പുതിയ കാഴ്ചകൾ സ്‌ക്രീനിൽ തെളിഞ്ഞു. പഴയ കാഴ്ചകളെ പുതിയ കാഴ്ചകൾ മറച്ചു. ആ രണ്ടു പേർ എന്റെ മറവിയുടെ കോണിലെവിടെയോ മറഞ്ഞിരുന്നു.

പ്രതീക്ഷിച്ചിട്ട് കടന്നു വരാത്തത് പ്രതീക്ഷിക്കാത്ത സമയത്ത് വന്നെന്നിരിക്കും. വീണ്ടുമൊരു സായാഹ്നം. പതിവ് പോലെ ട്രെയിൻ പതിഞ്ഞ താളത്തിൽ ആ പാലത്തിലേക്ക് കടന്നു. അസ്തമയ സൂര്യനൊപ്പം സഞ്ചരിച്ച എന്റെ കണ്ണുകൾ പെട്ടെന്നാണ് പാലത്തിലെ അവരുടെ പതിവ് സ്ഥലത്തിരിക്കുന്ന അതേ രണ്ട് പേരിലേക്ക് ചെന്നെത്തിയത്. അവിചാരിതമായ ആ കാഴ്ച ഒരേ സമയം എന്നിൽ സന്തോഷവും ആശ്വാസവും നിറച്ചു. അവർക്കൊന്നും സംഭവിച്ചിട്ടില്ല.

ഇത്ര നാളും ഇവർ എവിടെയായിരുന്നെന്ന ചിന്ത മനസ്സിൽ മുള പൊട്ടിയപ്പോഴാണ് ആ കാഴ്ച ഞാൻ കണ്ടത്. അവരിലൊരാൾ ഒരു പിഞ്ചു കുഞ്ഞിനെ എടുത്തുയർത്തുന്നു, ദൂരെ ചൂണ്ടി അസ്തമയ സൂര്യനെ കാണിക്കുന്നു. രണ്ട് പേരും ചേർന്ന് ആ കുഞ്ഞിനെ ചുംബിക്കുന്നു. അസ്തമയ സൂര്യന്റെ ചുവപ്പിൽ, തീവണ്ടിയുടെ പതിഞ്ഞ താളത്തിൽ, ആ കാഴ്ച ജീവിതത്തിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിൽ ഒന്നായി എന്റെ മനസിലേക്ക് പതിഞ്ഞു. സന്തോഷത്താൽ കൂകി വിളിച്ച് ട്രെയിൻ മുന്നോട്ട് കുതിച്ചു. ഞാൻ ജനൽക്കമ്പികൾക്കിടയിലൂടെ ഒരു നെടുവീർപ്പോടെ അസ്തമയ സൂര്യനെ നോക്കിയിരുന്നു.

Share:
PREVIOUS POST
Weakness Turned into Strength
NEXT POST
ഇന്നസെന്‍റ് ഇനി ഒരു ഓർമ
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!