ഭ്രാന്തൻ
പണ്ട് പണ്ട് ഒരു രാജാവുണ്ടായിരുന്നു… ചോറ് ഉരുളകളാക്കി വായിൽ വെച്ച് തന്ന് കൊണ്ട് ഉമ്മമ്മ കഥ പറയാൻ തുടങ്ങി..
“രാജാവിന്റെ കഥയും പുലിയുടെ കഥയും ഇനി വേണ്ട നിക്ക് പുതിയ കഥപറഞ്ഞ് തരണം” ഞാൻ വാശിപിടിച്ചു.”ഇന്ന് ആ ഭ്രാന്തനെ കുറിച്ച് പറഞ്ഞാ മതി”
കേട്ട് മടുത്ത പഞ്ച തന്ത്ര കഥകൾക്കും പഴമയുടെ മാത്രം ഗന്ധമുള്ള രാജാവിന്റെ കഥക്കും ഇന്നൊരവസാനമുണ്ടാകുമെന്ന് കരുതി ഞാനാ കണ്ണിലേക്ക് നോക്കിയിരുന്നു. അന്നാണ് ആദ്യമായി ഞാനയാളെ കുറിച്ച് കേൾക്കുന്നത്. കണ്ടിട്ടുണ്ട് ഒരു പാട് പ്രാവശ്യം സ്കൂളു വിട്ടു വരുമ്പോൾ മദ്രസ വിട്ട് വരുമ്പോൾ കയ്യിലുള്ള പുസ്തകവും കവറും സ്വന്തം കയ്യിലിരിപ്പുകൊണ്ട് മാത്രം വെവ്വേറെയാക്കി ചുറ്റി കെട്ടിയ മക്കന കയ്യിൽ പിടിച്ച് കൂട്ടുകാരോടപ്പം വരുമ്പോൾ ഇടവഴിയിലൂടെ അയാളിറങ്ങി വരും “ഭ്രാന്തൻ..!” ഓടിക്കോന്നും പറഞ്ഞ് എല്ലാവരും ഒറ്റ ഓട്ടായിരിക്കും. സ്വന്തം ഭാരം കൊണ്ടും കയ്യിലെ ഭാരം കൊണ്ടും അവരുടെ ഒപ്പമെത്തിയില്ലെങ്കിലും ഞാനും ഓടും . അങ്ങനെ ചില മത്സരപ്പാച്ചിലുകൾക്കൊടുവിൽ സന്ധ്യയാകും മുൻപേ വീടണയും.
“ആ ഭ്രാന്തനും വീടും ഭാര്യയും മക്കളുമാക്കെ ഉണ്ടായിരുന്നു. ഒരിക്കൽ എന്തോ അപകടം സംഭവിച്ച് അവരൊക്കെ മരിച്ച് പോയി. അതിൽ പിന്നെ അയാളങ്ങനെയാ സമനില തെറ്റിയതിൽ പിന്നെ അയാളുടെ പേര് തന്നെ എല്ലാരും മറന്നു. ഒരു ഇടിയും മഴയും കാറ്റും ഒരുമിച്ച് വന്ന് തകർത്തതാണ് അയാളുടെ ജീവിതമെന്നയാൾ വിശ്വസിക്കുന്നുണ്ടാവണം.., അതോണ്ടായിരിക്കും മഴ വരുമ്പോൾ അയാളോടിയൊളിക്കും..”അവസാന ഉരുളയും വായിൽ വെച്ച് തന്ന് കൊണ്ട് ഉമ്മമ്മ നിർത്തി.
അന്ന് രാത്രിയിൽ അയാളെന്റെ അടുത്തേക്ക് വരുന്നതായും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചെന്നെ കൊല്ലുന്നതായും ഞാൻ സ്വപ്നം കണ്ടു. നട്ടപ്പാതിരക്ക് ഞെട്ടി എഴുനേറ്റ എന്റെ നേർക്ക് ഉപ്പും മുളകും ഉഴിഞ്ഞിട്ട് കണ്ണേറ് മാറ്റി ഉമ്മമ്മ വീണ്ടുമെന്നെ ഉറക്കി. അന്ന് ഞാനൊരു മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയമായിരുന്നു. രാവിലെ നേരത്തെ എഴുനേറ്റ് പാലപ്പൂവ് പറിക്കാൻ പോകും മഞ്ഞിന്റെ തണുപ്പിനെ വകവെക്കാതെ ഞാനും മുബിയും മത്സരിച്ച് പെറുക്കിയ പൂക്കൾ ഒന്നിച്ച് കോർത്ത് പൂമാലകളാക്കി മുടിയിൽ പിന്നിയിടും അന്ന് പാലയുടെ മുകളിലെ യക്ഷിയേക്കാൾ എപ്പൊ വേണമെങ്കിലും ചാടി വീഴാവുന്ന ഭ്രാന്തന്റെ ആദ്യശ്യമായ സാന്നിദ്യത്തെ ഞാൻ ഭയന്നു.
ഒരിക്കൽ ദീപ ടീച്ചർ ക്ലാസിൽ മനുഷ്യൻ കുരങ്ങനിൽ നിന്നും രൂപാന്തരപ്പെട്ട് മനുഷ്യനായി പരിണമിച്ചതിനെ കുറിച്ച് പറഞ്ഞു. ചിത്രവും കഥയു മൊക്കെയായി ക്ലാസ് നീണ്ടപ്പോൾ ജഡ പിടിച്ച മുടിയും,ഉന്തിയ പല്ലുകളും,പാതി മുറിഞ്ഞ പാന്റും,എല്ലുന്തിയ ശരീരവുമുള്ള ഭ്രാന്തനോട് ആദിമ മനുഷ്യരെ ഞാൻ താരതമ്യം ചെയ്തു. മുട്ടിക്കുടിയൻ മാങ്ങയില്ലാത്ത ഒരു മാമ്പഴക്കാലമന്നില്ലായിരുന്നു. വൈകുന്നേരം വീശുന്ന കാറ്റിന്റെ വേഗത കൂടണേയെന്ന് പ്രാർത്ഥിച്ച് ഞങ്ങൾ കുട്ടികൾ സ്ഥിരമായി വിട്ടിൽ നിന്നും കുറച്ചുകലെയുള്ള മാവിന്റെ ചോട്ടിൽ പോയിരിക്കും.
കാറ്റ് വീശാൻ തുടങ്ങുമ്പോൾ തന്നെ ഓടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി എല്ലാവരും ഒരു കാൽ താഴെയമർത്തി ചവിട്ടി വെക്കും.ഓട്ടത്തിൽ കേമന്മാരായ ഒരു പാട് പേർ ഉള്ളതു കൊണ്ട് തന്നെ ആദ്യം വീഴുന്ന മാങ്ങകളാക്കെ അവര് സ്വന്തമാക്കും. അങ്ങനെയിരിക്കുമ്പഴാണ് ഒരു ദിവസം ആദ്യമായി ഓടിയെത്തി ഞാനൊരു മാമ്പഴം എന്റെ കയ്യിലാക്കിയത്. മാമ്പഴത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച എന്റെ ചുറ്റുമുള്ളവരൊന്നും ഓടിയത് ഞാനറിഞ്ഞിരുന്നില്ല. സന്തോഷം കൊണ്ട് തുള്ളിച്ചാടി തിരിഞ്ഞുനോക്കിയപ്പൊ ഭ്രാന്തൻ ഇടവഴിയിൽ നിന്നിറങ്ങി വരുന്നു. ഒരു വലിയ മഴ പെയ്യിച്ച് അയാളോടിയൊളിക്കണേ പടച്ചോനെ എന്ന് ആത്മാർത്ഥമായി അപ്പൊ ഞാൻ പ്രാർത്ഥിച്ചു. ഞെട്ടിയോടിയ എന്റെ കാലിൽ ഏതോവള്ളിച്ചെടി കുടുങ്ങി അവിടെ വീണു. വീണതിന്റെ ആഴമൊന്നുമറിയാതെ ഞാൻ തൊട്ടടുത്ത വീടിന്റെ കുളിമുറിയിൽ ഒളിച്ചു നിന്നു. പേടി നന്നേ ബാധിച്ചതു കൊണ്ട് രണ്ട് ദിവസത്തെ പനിയും,രണ്ട് കാൽ മുട്ടിൽ മുറിയും സ്വന്തമായി, മുറി പഴുത്ത് വന്നു അതിന്മേൽ വന്നിരുന്ന ഈച്ചകളെയൊന്നും ആട്ടിയകറ്റാതെ ഞാനെന്റെ മാംസത്തിൽ നിന്നവക്കന്നമേകി അഭിമാനിച്ചു. പേടി കാരണം അന്നത്തെ മാമ്പഴക്കാലത്തിന്റെ മാധുര്യം എനിക്ക് നഷ്ടമായി.
ചെറിയ കുട്ട്യോൾക്ക് രാവിലെയും നാലാം ക്ലാസുമുതൽ രാത്രിയുമായിരുന്നു അക്കാലത്ത് മദ്രസ ഉണ്ടായിരുന്നത്. മുഹമ്മദ് മോല്യാരുടെ അറ്റം വണ്ണമുള്ള ചൂരൽ കഷായത്തിന്റെ വേദനയോർത്ത് മുടങ്ങാതെ ഞാനും രാത്രി മദ്രസക്ക് പോവാൻ തുടങ്ങി. മഗ്രിബിന് ശേഷം തുടങ്ങിയാൽ രാത്രി ഒമ്പതു ഒക്കെയാകുമ്പഴേ കഴിയുമായിരുന്നുള്ളു. പിന്നീടൊരു മത്സര ഓട്ടമായിരിക്കും. ക്ലാസിൽ ആരോടെങ്കിലും പിണങ്ങിയിട്ടുണ്ടെങ്കിൽ അവരെ പിച്ചി ഒറ്റ ഓട്ടം..വേഗം വീട്ടിലെത്തുക ഒമ്പതരക്ക് ഓഫാക്കുന്ന ടി.വിക്ക് മുന്നിലിരിക്കുക,കഥയും കേട്ട് ഉമ്മമ്മയുടെ ഉരുളൻ ചോറ് കഴിക്കുക.അതായിരിക്കും പ്രധാന ലക്ഷ്യം.
രാത്രിയായത് കൊണ്ട് തന്നെ കുറുക്കു വഴിയിലൂടെ വരരുതെന്ന പ്രത്യേക മുന്നറിയിപ്പുണ്ടായിരുന്നു. റോഡിലൂടെ ഓടി വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് കയറും മുൻപ് അധികം വെള്ളമില്ലാത്ത എന്നാലാഴമുള്ള ഒരു തോടുണ്ട് അതിന്റെ മുകളിൽ അധികം വിശാലമല്ലാത്ത പാലവും വഴിവിളക്കില്ലാത്ത ആ വഴിയിലൂടെ അന്ന് ചെറിയ രണ്ട് ചുവന്ന പൊട്ടുകൾ മാത്രം പ്രത്യക്ഷപ്പെടുന്ന പോക്കറ്റ് ടോർച്ചിന്റെ വെളിച്ചത്തിൽ പാലമാണെന്ന് കരുതി ശൂന്യതയിലേക്ക് കാല് വെച്ച് തോട്ടിലേക്ക് ഞാൻ മൂക്കും കുത്തി വീണു. തൊട്ടടുത്ത് തന്നെയുള്ള മുത്തശ്ശിപ്പ്പാറയിൽ നിന്ന് മുടി നീട്ടിവളർത്തിയ പ്രേത മുത്തശ്ശി എന്റെ രക്തം വലിച്ചു കുടിക്കുമായിരിക്കും..അല്ലെങ്കിൽ ഈ തോട്ടിലെ നീർക്കോലികളുടെ രാത്രി ഭക്ഷണമാകാനാവും എന്റെ വിധി..ഞാൻ നിലവിളിച്ചു.ആരും കേട്ടില്ല..അവസാനമണി മുഴങ്ങുന്നതിനു മുമ്പേ ഞാനോടിയത് കൊണ്ട് ആരും എന്റൊപ്പമെത്തിയിട്ടില്ല. ഖുർആനും പുസ്തകങ്ങളുമെല്ലാം വെള്ളം തട്ടാതിരിക്കാൻ ഞാൻ നെഞ്ചോട് ചേർത്തിരുന്നു. പെട്ടെന്നാരോ എന്നെ തട്ടി വിളിച്ചു. എന്റെ നേർക്ക് കൈകൾ നീട്ടി.. ഇരുട്ടിന്റെ അവ്യക്തകൾക്കിടയിൽ നീട്ടിയ കൈകളുടെ ഉടമസ്ഥനെ ഞാൻ കണ്ടില്ല. രണ്ട് തിളങ്ങുന്ന കണ്ണുകൾ അയാൾക്കുണ്ടായിരുന്നു.. അയാളുടെ പരുപരുത്ത കൈകളിൽ ഞാനമർത്തി പിടിച്ചു. എന്നെ കരക്കെത്തിച്ച് ഒന്നുമറിയാത്ത പോലെ നടന്നു നീങ്ങുന്ന ഭ്രാന്തനെ ഞാൻ നോക്കി നിന്നു. അപ്പോഴേക്കും എല്ലാവരും എത്തിയിരുന്നു. അടുത്ത വീട്ടിലെ ഇക്കാക്ക എന്നെ വീട് വരെ എത്തിച്ച് തന്നു. ഏങ്ങിക്കരയുന്ന എന്റെ മുകളിൽ രണ്ട് കുടം വെള്ളം കമിഴ്ത്തി ഉമ്മമ്മ കുളിപ്പിച്ചപ്പോഴും തലപറിഞ്ഞ് പോരണവരെ തുവർത്തി രാസ്നാദി പൊടി തിരുമ്മിയപ്പോഴും ഞാനയാളെ കുറിച്ച് മാത്രം ആലോചിച്ചു. അലിവിന്റെ കണ്ണുകളോടെ അയാളെന്റെ നേരെ കൈകൾ നീട്ടിയപ്പോൾ അവിടെ ഞാനൊരു ഭ്രാന്തും ദർശിച്ചിരുന്നില്ല. പിന്നീടയാളെ കാണുമ്പോഴൊ ന്നും ഞാനോടിയൊളിച്ചില്ല പ്രതീക്ഷ വറ്റിയ കണ്ണുകളോടെ നടന്ന വഴികളിലൂടെ ആവർത്തിച്ച് നടക്കുന്ന ആ രൂപത്തെ ഞാൻ നോക്കി നിന്നു. വിശപ്പിന്റെ പ്രതീകമായി നിന്ന ഒട്ടിയ വയറിലേക്കയാൾക്കാരും ഭക്ഷണം നൽകുന്നത് ഞാൻ കണ്ടില്ല.
അന്നെന്റെ കൈയിൽ നിന്നും താഴെ വീണ് അയാളെടുത്ത മാമ്പഴമല്ലാതെ ഞാനൊന്നുമയാൾക്ക് കൊടുത്തിരുന്നുമില്ല. കൊടുക്കാനെന്റെ കൈയിലൊന്നുമുണ്ടായിരുന്നില്ല. ഉമ്മയുടെ വീട്ടിൽ നിന്ന് ഉപ്പയുടെ വീട്ടിലേക്കും അഞ്ചാം ക്ലാസിലേക്കുമായി ഞാൻ പറിച്ചു നടപ്പെട്ടു.
പിന്നീടെപ്പെഴെങ്കിലുമുള്ള വിരുന്നു പോക്കിൽ എന്റെ കണ്ണുകൾ അയാളെ തിരഞ്ഞു. വഴിയിൽ കാണുന്ന ഓരോ സമനില തെറ്റിയ മനുഷ്യരിലും അലിവു വറ്റാത്ത വെളുത്ത ഹൃദയം ഞാൻ കണ്ടു. എല്ലാവർക്കു പിന്നിലും ഹൃദയം നുറുങ്ങുന്ന കഥകളുണ്ടാകുമെന്ന് ഞാൻ സ്വയം വിശ്വസിച്ചു. ഇന്നിന്റെ കാലത്ത് വികാരങ്ങളുടെയും നേട്ടങ്ങളുടെയും സഫലീകരണത്തിന് വേണ്ടി അറിഞ്ഞ് കൊണ്ട് വേഷം കെട്ടുന്ന മനുഷ്യരേക്കാൾ മനോനിലതെറ്റിയവരാണ് നല്ലതെന്നെനിക്കിപ്പഴും തോന്നാറുണ്ട്.
ഇടവഴി മാറിറോഡുകളായി.. മുട്ടിക്കുടിയൻമാങ്ങകൾ ചിതറിയരഞ്ഞ് കിടക്കുന്നു.. വീഴുന്ന മാമ്പഴത്തെ ഓടിപ്പിടിക്കാൻ കുട്ടികളെ ഇപ്രാവശ്യം ഉമ്മാടെ വീട്ടിൽ പോയപ്പോൾ ഞാൻ കണ്ടില്ല. ഞങ്ങളുടെ ഉള്ളം വിറപ്പിച്ചിരുന്ന മുത്തശ്ശിപ്പാറയും ഇപ്പൊ അവിടില്ല.. പാലം കോൺക്രീറ്റിട്ട് വിശാലമാക്കിയിരുന്നു. അന്നെന്നോടൊപ്പം ഓടി നടന്ന് ചോറ് വാരിതന്നിരുന്ന കാലുകളിലെ വേദന പറഞ്ഞ് ഉമ്മമ്മ സങ്കടപ്പെട്ടു. അതിനിടെ ഞാനയാളെ കുറിച്ച് ചോദിച്ചു. നിയൊന്നും മറന്നില്ലേയെന്ന ഭാവത്തിൽ ചിരിച്ചു കൊണ്ട് ഉമ്മമ്മ മറുപടി പറഞ്ഞു.”അയാളെയിപ്പൊ ഇവിടെങ്ങും കാണാറില്ല, കൊറേ കാലം അങ്ങനെ നടക്കണത് കണ്ടിരുന്നു. ഇപ്പൊ കുറച്ചായി ഇവടന്ന് പോയിതോന്നുണു.”
ബാല്യത്തിന്റെ മധുരത്തേക്കാൾ ചില പേടികൾ വേരുകളായി ആഴ്ന്നിറങ്ങും അതൊരു കൗതുകമായങ്ങനെ നിലനിൽക്കുന്നതിനും ഒരു രസമുണ്ട്.. അപ്പുറത്തെ തൊടിയിൽ പാല പൂത്ത മണം..
ഇടവഴിയിൽ നിന്നിറങ്ങിവരാനും പേടിപ്പെടുത്താനും ഭ്രാന്തനോ ഇടവഴികളോ ഇന്നില്ല. ഒക്കെ മാറിയിരിക്കുന്നു.. പക്ഷെ.. കാരുണ്യത്തിന്റെ കരങ്ങൾ അതേതു വ്യക്തിയിൽ നിന്നോ ആവട്ടെ മനസ്സിന്റെ കോണിലത് തങ്ങി നിൽക്കും.ഇന്നോരോ ജഢപിടിച്ച മുടികൾക്കിടയിലും ആ കണ്ണുകൾ ഞാൻ തിരയാറുണ്ട്.. കാലമതെത്ര കഴിഞ്ഞ് പോയാലും തിരുത്തപ്പെട്ട വിശ്വാസങ്ങൾക്കും ലഭിക്കപ്പെട്ട ദയക്കും നല്ല മധുരമാണ്. ബാല്യത്തിൽ പഠിച്ച വലിയ പാഠത്തിന്റെ മനുഷ്യത്വത്തിന്റെ പേരില്ലാത്ത മധുരം.
✍ Shifana Salim

Recent Comments