തൈര്
ഇരുട്ട് വീണു തുടങ്ങിയ വഴിയിലൂടെ അവൾ വേഗം നടന്നു. നേരം മയങ്ങിയാൽ പിന്നെ, കുറ്റിമരങ്ങളിൽ ചുറ്റിപ്പടർന്നു കിടക്കുന്ന കാട്ടു വള്ളികൾ നടപ്പാതയ്ക്കു ചുറ്റും ഓരോ ഭീകരരൂപങ്ങൾ തീർത്തുകൊണ്ടിരിക്കും. ഇരുണ്ട പച്ചനിറമുള്ള സ്ത്രീരൂപങ്ങൾ. അവയിൽ ചിലർ അട്ടഹസിക്കും, ചിലർ മുടിയിട്ടിളക്കും, ചിലർ ഒരു മുരൾച്ചയോടെ തുറിച്ചു നോക്കും. പക്ഷേ അവൾക്കാരെയും പേടിയില്ല, എന്തിനു പേടിക്കണം, പേടിക്കേണ്ടത് മനുഷ്യനെയാണെന്നു അമ്മൂമ്മ പറഞ്ഞിട്ടുണ്ട്. യക്ഷികൾ ഉണ്ടാവാൻ കാരണം തന്നെ മനുഷ്യനാണത്രെ. എന്റമ്മയും യക്ഷിയായി കാണുമോ. അമ്മൂമ്മയോട് തന്നെ ചോദിക്കാം.
രാത്രിയാവും മുൻപ് തിരിച്ചെത്തണം. എന്നിട്ട് വേണം പാറുവിനെ കുളിപ്പിക്കാൻ. അതുകൊണ്ട് തീർന്നില്ല അവളുടെ പാവാടയും ഉടുപ്പും അലക്കിയിടണം, പിന്നെ കുറച്ചു പാത്രം തേച്ചു കഴുകാനുണ്ട്. എന്തൊക്കെ ജോലിയാണ്, പാറൂന് ഒരു ആറേഴു വയസ്സെങ്കിലും ആയാൽ എനിക്കൊരു സഹായമായേനെ. നേരം വൈകുന്നു. ഓടിയാലോ, ഈ മൊന്തയ്ക്കെന്താണൊരടപ്പില്ലാത്തത്. അടച്ചിരുന്നെങ്കിൽ തൈര് തുളുമ്പിപോവില്ലായിരുന്നു. ഒന്നു രണ്ടു വട്ടയിലക്കൂമ്പ് പൊട്ടിച്ച് മൊന്തയുടെ മുകളിലമർത്തിപിടിച്ച് അവളോടി.
മേസ്തിരി തിണ്ണയിൽ തന്നെയിരിപ്പുണ്ട്, കൂടെ പണിക്കു നിൽക്കുന്ന ബംഗാളി ഭയ്യമാർ ഇപ്പോഴും പോയിട്ടില്ല. കുറെ നാളായി മുറുക്കാൻ ഒരു കൂട്ട് ഇല്ലാതിരുന്ന മേസ്തിരിക്ക് ഏത് സമയവും പാൻ ചവയ്ക്കുന്ന ഭയ്യാമാരോട് വല്യ സ്നേഹം. മുറി ഹിന്ദിയിൽ മേസ്തിരിയും മുറി മലയാളത്തിൽ ഭയ്യമാരും ഇടമുറിയാതെ എന്തൊക്കെയോ പുലമ്പുന്നുണ്ട്.
മുറ്റത്തെത്തിയതും അവൾ ഓട്ടം നിർത്തി. ‘അകത്തേക്ക് ചെല്ല് മോളേ’ : മേസ്തിരി
‘നേരം മയങ്ങിയല്ലോ, കുറച്ചു നേരത്തെ വന്നു കൂടെ നിനക്ക് ‘ : രാധ ചേച്ചി
ഒന്നും മിണ്ടാതെ മേശപ്പുറത്തെ പാത്രത്തിലേക്ക് തൈര് പകർന്നിട്ട് അവൾ മുറ്റത്തേക്ക് ചാടി. ഒരു നിമിഷം ഓട്ടം നിറുത്തിയപോലെ ഒന്നു രണ്ടു ചുവടു വെച്ചിട്ട് വീണ്ടും ഇരുട്ടിലേക്ക് ഓടിയിറങ്ങി .
മേസ്തിരിയുടെ വീട്ടു മുറ്റത്ത് പെട്ടെന്നൊരു മൂകത . ഭയ്യാമാരുടെയും മേസ്തിരിയുടെയും കണ്ണുകൾ തമ്മിലുടക്കിയപ്പോൾ അയാള് തന്നെ അതു ഭേദിച്ചു: ” അച്ചി ലഡ്കി ഹേ “
അതു പറയാതെ തന്നെ അറിയാം എന്ന മട്ടിൽ ഭയ്യാമാർ തലകുലുക്കി ചിരിച്ചു. മേസ്തിരി ഗൗരവം കലർന്ന ചിരിയോടെ വയറിലൊന്നു തടവി. പറഞ്ഞുകൊണ്ടിരുന്ന വിഷയം രണ്ടു കൂട്ടരും മറന്നിട്ടാവണം മേസ്തിരി അന്നത്തെ സദസ്സ് പിരിച്ചുവിട്ടു. ” ചലോ ചലോ “.
അവളുടെ ഓട്ടത്തിന് വേഗം കൂടി. ഉമ്മറത്തെ വിളക്കിന്റെ വെളിച്ചം കാണാറായപ്പോൾ അവളൊന്നു കിതച്ചു, പിന്നെ സാവധാനം നടന്നു. പുലർച്ചെ വരെ കാക്കാൻ വയ്യെന്ന മട്ടിൽ തല നീട്ടി നിന്ന പട്ടത്തിപ്പൂ മൊട്ടുകൾ പറിച്ചെടുത്ത് അവൾ ആകാശത്തേയ്ക്കു വലിച്ചെറിഞ്ഞു.
” ആ മോളെത്തിയോ, അമ്മൂമ്മ പണിയൊക്കെ തീർത്തു കേട്ടോ. മോള് ചോറെടുത്തുണ്ടോ, പാറൂനും കൊടുക്ക്. ചേച്ചി തന്നെ വാരിത്തണമെന്ന് അവൾക്കു വാശി “
” ഊം ” അവൾ പാറൂവിനെ എടുത്തു പൊക്കി കയ്യും കാലും കഴുകിത്തുടച്ചു. “നിന്റെ ഉടുപ്പില് മുഴുവനും കരിയാക്കിയല്ലോ പാറൂ , ഇനീപ്പോ ഇതു തന്നെ ഇട്ട് ഉറങ്ങിയാൽ മതി “
” അമ്മൂമ്മേ രണ്ടു ദിവസത്തേക്ക് തൈര് വേണ്ടെന്നു മേസ്തിരി പറഞ്ഞു “
“അതെന്താണാവോ, ആ സാരമില്ല മോളെ ഈയാഴ്ച നമുക്ക് വെണ്ണ കടയാം “
ഒരു കുഞ്ഞു പുഞ്ചിരിയോടെ ഉപ്പും തൈരും ചേർത്തു കുഴച്ച ചോറുരുള അവൾ പാറുവിന്റെ വായിൽ വെച്ചു കൊടുത്തു.
✍അളിയച്ചാർ

Recent Comments