എന്റെ മീര
ഗുരുവായൂരിലേക്ക് പോകുംവഴി കാറിൻ്റെ പിൻസീറ്റിൽ ഞാനുമൊന്ന് തലചായ്ച്ചു. ഇനിയും ഏകദേശം രണ്ട് മൂന്ന് മണിക്കൂറിലേറെ സമയമെടുക്കും അവിടെത്താൻ. പഴയ ഹിന്ദി ഗാനത്തിനകമ്പടിയിൽ ജനൽപാളികൾക്കിടയിലൂടെ ഞാൻ പുറംകാഴ്ചകളോരാന്നായ് ഒപ്പിയെടുത്തുകൊണ്ടേയിരിന്നു.. അതിനിടയിലെപ്പോഴോ എൻ്റെ മനസ്സ് ആ പഴയ ഭൂതകാല സ്മരണിയിലേക്ക് വഴുതി വീണുപോയിരുന്നു..
”പെണ്ണെന്ന് കേട്ടാൽ പെരുച്ചാഴീനെ കണ്ടപോലെയാണ് ചെക്കന്, വയസ്സ് മുപ്പതാവാനാ പോണേ, ഞാൻ പറഞ്ഞ് പറഞ്ഞ് തോറ്റു. ഇവൻ്റെ കെട്ടൊന്ന് കണ്ടിട്ട് ചാവണായിരുന്നു…”
അമ്മ ആരോടെന്നില്ലാതെ ഫോണിലൂടെ പരാതിപ്പെടുന്നത് കേട്ടാണ് ഞാൻ കണ്ണുതുറന്നത്, ഇനിയും ഫോൺ വപ്പിച്ചില്ലെങ്കിൽ ശരിയാവില്ല.. ഉറക്കം മതിയാക്കി മെല്ലെ ഞാൻ അമ്മക്കരുകിലെത്തി, എന്നെ കണ്ടതും റിസീവർ താഴെ വച്ച് അമ്മ അടുക്കളയിലേക്ക് പോയി.
ഞാനും പുറകെ ചെന്നു
” കാപ്പി എവിടെ അമ്മേ..??”
എന്നെ കണ്ട ഭാവം നടിക്കാതെ അമ്മ എന്തൊക്കയോ ചെയ്യുന്ന തിരക്കിലാണ്.
ഞാൻ അല്പമൊന്ന് കൊഞ്ചി ആ ചോദൃം വീണ്ടും ആവർത്തിച്ചു.
പക്ഷെ ആൾക്കൊരു കുലുക്കവുമില്ല.
” ഒന്നു പോടാ ചെറുക്കാ, അവൻ്റൊരു കൊഞ്ചൽ. എനിക്കിപ്പോ എത്ര വയസ്സായെന്നാ നിൻ്റെ വിചാരം.. ഞാനിവടത്തെ ജോലിക്കാരിയല്ല നീ വേണേൽ എടുത്ത കുടിച്ചോ.. മരൃാദക്കൊരു പെണ്ണ് കെട്ടാൻ പറഞ്ഞാൽ അവന് പറ്റില്ല.. എന്നിട്ടിപ്പൊ അവനെന്നോട് കൊഞ്ചാൻ വന്നേർക്കുന്നു….”
പറഞ്ഞു വരണ റൂട്ട് മനസ്സിലായപ്പോൾ ഞാൻ മെല്ലെ കാപ്പിയും പകർത്തി ഹാളിലേക്ക് നടന്നു. പക്ഷെ പുള്ളിക്കാരി വിടാൻ ഉദ്ദേശമില്ലാ. പിന്നാലെ കൂടി അതേ വിഷയം തുടർന്നു കൊണ്ടേയിരുന്നു.
ഈ ഞായറാഴ്ച പെണ്ണ് കാണാൻ പോയില്ലെങ്കിൽ തൂങി ചാവുമെന്നുള്ള ഭീഷണിയിൽ വരെയെത്തിയപ്പോൾ എനിക്ക് സമ്മതം മൂളേണ്ടി വന്നു. പക്ഷെ എനിക്കൊരൊറ്റ കണ്ടീഷനേ ഉണ്ടായിരുന്നുള്ളു, പെൺകുട്ടി ഡാൻസ് കളിക്കരുത്. എന്തെങ്കിലും ആവട്ടേന്ന് കരുതി അമ്മ ആ ഡിമാൻ്റ് സമ്മതിച്ചു.
അങനെ ആ ഞായറാഴ്ച വന്നെത്തി, അലക്കിത്തേച്ച പച്ച കളർ ഷർട്ടും പുതിയ കസവുകര മുണ്ടുമൊക്കെയായ് ഞാനാ വീട്ടിൽ കടന്നെത്തി. കൂടെ ആത്മ മിത്രവും.
വളരെ പഴയൊരു വീട് , പെൺകുട്ടിയുടെ അമ്മാവനേക്കാൾ വാർദ്ധകൃം ബാധിച്ച ചുവരുകൾ, മുറ്റത്തെ തുളസിത്തറകൾക്കുപോലും പറയാൻ നൂറ്റാണ്ടിൻ്റെ കഥകളുണ്ടെന്ന് തോന്നുന്നു. ഞങൾ മുറ്റത്തെത്തിയതും അമ്മാവൻ ഞങളെ അകത്തേക്ക് ആനയിച്ചു.
അയാളുടെ കുടുംബ മാഹാത്മൃത്തിൻ്റെ കെട്ടുകൾ ഓരോന്നോരോന്നായ് ഞങൾക്കു മുന്നിൽ അഴിഞ്ഞു വീണു. വാലും മൂടും തിരിയാത്ത കുറേ ബന്ധങളുടെ കഥകൾ. ബന്ധുബലമുള്ളവർ തന്നെയാണെന്ന് തെളിയിക്കാനുള്ള തത്രപ്പാടിലാണദ്ദേഹം..
നെല്ലും പതിരും തിരിച്ച് ബന്ധങളെ കുറിച്ച പറയാൻ തുടങിയപ്പോൾ അറിയാത്ത ബന്ധുക്കളെപ്പോലും ഞാൻ അറിയാമെന്ന മട്ടിൽ തലയാട്ടി. അതിനിടയിൽ അവളെ കുറിച്ചുമയാൾ വർണ്ണിച്ചു കൊണ്ടേയിരുന്നു.
അവൾ വാങിയ മെറിറ്റ് സീറ്റുകളുടെ കഥകൾ.. മേടിച്ചു കൂട്ടിയ സർട്ടിഫിക്കറ്റുകൾ.. അങനെ.. അങനെ..
കൂട്ടത്തിൽ അദ്ദേഹം ഞങൾക്കു പുറകിലായുള്ള ചില്ലുകൂട്ടിലേക്ക് കെെചൂണ്ടി , ഞാനും പതിയെ അങോട്ടേക്ക് തിരിഞ്ഞു. എന്നിട്ടൊരു പറച്ചിലാ..
” പിന്നൊരു കാരൃം കൂടീണ്ട്, ഇതൊക്കെൻ്റെ മോള് ഡാൻസ് കളിച്ച് മേടിച്ച സമ്മാനങളാ ന്ന്. ”
എൻ്റെ ഇടനെഞ്ചിൽ ആരോ തീ കോരിയിട്ടപ്പോലെ, തൊണ്ടയിലാകെ വെള്ളം വറ്റിയ അവസ്ഥ. എന്താണോ ഞാൻ കേക്കാൻ ആഗ്രഹിക്കാഞ്ഞത് അത് തന്നെ സംഭവിച്ചു. അവിടുന്ന് ഇറങിപ്പോന്നാലോന്ന് വരെ ചിന്തിച്ചു. മോശമായ് പോവരുതെന്ന് കരുതി എല്ലാം സ്വയം അടക്കി അവിടെതന്നെ ഇരുന്നു.
അപ്പോഴും അമ്മാവൻ തുടർന്നുകൊണ്ടേയിരുന്നു. ഒറ്റമോളാണ്, അമ്മയും അവളും മാത്രമേയുള്ളു, അച്ഛൻ അവളുടെ ചെറുപ്പത്തിലേ മരിച്ചു. ഈ അമ്മാവനാണ് ഇവളെ പഠിപ്പിച്ചതൊക്കെ. ഇപ്പൊ കുറച്ചു പിള്ളേർക്കൊക്കെ ഡാൻസ് പഠിപ്പിക്കുന്നുണ്ട്. അത് മാത്രമേ ഉള്ളു ആകെ വരുമാനം..
തകർന്ന മനസ്സുമായ് ഞാനെല്ലാം കേട്ടിരുന്നു. അതിനിടയിൽ അമ്മ ചായയും പലഹാരവുമായ് എത്തി. ഞാൻ മെല്ലെ ചായകുടിച്ചതും അവൾ പതിയെ കട്ടിലപടി കവച്ചു വെച്ച് ഞങൾക്ക് മുന്നിലേക്ക് നീങി നിന്നു.
കണ്ണിൽ കരിമഷിയും, കാതിൽ കുന്നിക്കുരുവോളം വലുപ്പത്തിലുള്ളൊരു കമ്മലും, കയ്യിൽ കുപ്പിവളകളുമിട്ടവൾ എനിക്കു മുന്നിൽ തലതാഴ്ത്തി നിന്നു. പാറിപ്പറന്ന മുടിയിതളുകൾ അവളുടെ മുഖത്തിനെ മറക്കുന്ന പോലെനിക്ക് തോന്നി.
അല്പമൊന്ന് ജാളൃതയോട് കൂടി ഞാൻ ചോദിച്ചു
”ന്താ പേര്??”
അവൾ മുഖമൊന്നുയർത്തി എന്നെ നോക്കി എന്നിട്ട് പതിഞ്ഞ സ്വരത്തിൽ മീരയെന്ന് ഉത്തരമേകി..
ആ മുഖത്തിന് വല്ലാത്തൊരു ആകർഷണത്വമുണ്ടായിരുന്നു. ചിലപ്പോൾ നീണ്ടുതിർന്ന നാസികത്തുമ്പിൽ അവൾ കോർത്തുവെച്ച ആ കടുകുമണിയോളം വലിപ്പമുള്ള മൂക്കുത്തി കല്ലിനാലായിരിക്കും..
എൻ്റെ ചിന്തകളെ ഭംഗം വരുത്തുന്നപോലൊരു അശിരീരി.. അമ്മാവനാണ്
” ഇനി അവർക്ക് വല്ലതും സംസാരിക്കാനോ മറ്റോ ഇണ്ടെങ്കീ ആയ്ക്കോട്ടെ, മ്മ്ക്ക് അങട്ട് മാറി നിക്കാം..”
അവർ പതിയെ പൂമുഖ പടിയിലേക്ക് നീങി.
ഞാനും മീരയും മാത്രം ആ ഹാളിൽ കുടുങിയ പോലെ. എന്ത് ചോദിക്കണമെന്നറിയാതെ ഞാനാകെ പരവശനായി, അവളുമതേ അവസ്ഥയിൽ തന്നെ.
പഠിച്ച സ്കൂളുകളേയും കോളേജുകളെ കുറിച്ചും ചോദിച്ച കൂട്ടത്തിൽ ഡാൻസിനെ പറ്റിയും പറഞ്ഞു. അവളുടെ ജീവനാണത്, അത് തന്നെയാണ് അന്നവും..
എന്നിലെ പൗരുഷം ഉറഞ്ഞുതുള്ളി , അവളുടെ സൗന്ദരൃത്തിൽ എൻ്റെ നിലപാടുകൾ മയപ്പെടരുതെന്ന് ഞാനാശിച്ചു. എന്നിട്ട് ഉറച്ച സ്വരത്തിൽ തന്നെ ഞാനത് പറഞ്ഞു
”എനിക്കീ ഡാൻസിലൊന്നും വലിയ താല്പരൃമില്ല, നമ്മുടെ കല്ലൃാണം നടക്കാണെങ്കിൽ അതിന് വിടാനൊരു നിർവ്വാഹവും ഉണ്ടവില്ലെന്ന്..”
അവൾ എതിർത്തൊന്നും പറഞ്ഞില്ല.. പതിയെ തലയാട്ടി.
പോവാൻന്നേരം ഞാൻ അവൾ മാത്രം കേക്കാൻ പാകത്തിൽ ഈ മൂക്കുത്തിയെനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടുവെന്നറിയിച്ചു. അവൾ ചെറുതായൊന്ന് പുഞ്ചിരിച്ചു..
അമ്മാവൻ്റെ കയ്യിൽ നിന്നും കുറിപ്പും വാങി വീട്ടിലേക്ക് തിരിച്ചു.
വീട്ടിലെത്തിയതും അമ്മേടെ ചോദൃം
” കുട്ടി എങനേണ്ട്രാ?? നിനക്ക് ഇഷ്ടായോ..?”
എതിർപ്പില്ലെന്ന മട്ടിൽ ഞാൻ തലയാട്ടി
” ഇത്തിരി ഡാൻസിൻ്റെ അസ്കിതയുള്ള കുട്ടിയാണമ്മേ..”
അത് കേട്ടതും അമ്മേടെ ഉപദേശം
” വേറെ കുഴപ്പമൊന്നും ഇല്ലേൽ, കെട്ട് കഴിഞ്ഞാൽ അതിനൊന്നും പോണ്ടാ പറഞ്ഞാ പോരെ..”
പിന്നെല്ലാം വളരെ പെട്ടെന്നായിരുന്നു, പത്തിൽ എട്ട് പൊരുത്തം ചിങത്തിൽ തന്നെ കല്ലൃാണം.. പറഞ്ഞിരിക്കെ കല്ലൃാണ ദിവസവും വന്നെത്തി..
കല്ലൃാണപന്തലിലുടനീളം എൻ്റെ സമീപത്തിരുന്നപ്പോഴൊക്കേയും അവളുടെ മുഖത്തൊരു തെളിച്ച കുറവെനിക്ക് കാണാമായിരുന്നു. സ്വന്തം വീട് വിട്ട് വേറൊരു വീട്ടിൽ ജീവിക്കേണ്ടി വരുന്ന ഏതൊരു പെണ്ണിൻ്റേയും ആകുലതകളാകാമെന്ന് ഞാൻ സ്വയം സമാധാനിച്ചു.
അന്ന് മുഴുവനായും അവളങനെ തന്നെ കണ്ടപ്പോൾ എന്ത് പറ്റിയെന്നറിയാൻ എനിക്ക് തിടുക്കമായി. തിരക്കിനിടയിൽ പലതവണ ശ്രമിച്ചതാണ് പക്ഷെ ചോദിക്കാൻ പോയിട്ട് ആസ്വദിച്ചൊന്ന് തുമ്മാൻ പോലും പറ്റിയില്ല..
പിന്നീട് അവളെ ഒറ്റക്ക് കിട്ടിയത് രാത്രയിലാണ്, ആളും ആരവുമില്ലാതെ , മുഖത്തിനു കുറുകെയായ് ചാലിച്ച ചായകൂട്ടിൻ്റ ആവരണമേതുമില്ലാതെ , ആഭരണത്തിൻ്റ് ഭാരമില്ലാതെ , ഒരു നേർത്ത സെറ്റുമുണ്ടിൻ്റെ തലപിടിച്ച് ഏറെ വിറച്ച് ആ മുറിയിലേക്കവൾ കയറി വന്നപ്പോൾ ഞാനും അറിയാതൊന്ന് പതറി.
അമ്മയല്ലാതെ വേറൊരു പെൺതരിയുടെ പാദസ്പർശമേൽക്കാതിരുന്ന എൻ്റെ മുറിയിൽ ഞാനിന്നുവരെ കാണാത്തൊരു സൗരഭൃം, വസന്തകാലത്തിൻ്റെ വേലിയേറ്റം എനിക്കനുഭവിച്ചറിയാമായിരുന്നു.
ഇരിക്കാൻ ഞാനാവശൃപ്പെട്ടതും മടിച്ച് മടിച്ച് എന്നിൽ നിന്നുമകലെ കട്ടിലിനറ്റത്തവൾ സ്ഥാനമുറപ്പിച്ചു.
” ന്താ രാവിലെ മുതൽ മുഖത്തൊരു സന്തോഷവമില്ലല്ലോ..?
ഈ കല്ലൃാണത്തിന് ഇഷ്ടമില്ലിയിരുന്നോ..??
അതോ എന്നെ ഇഷ്ടല്ലൃേ..?? ”’
ഞാൻ ചോദിച്ച് കൊണ്ടേയിരുന്നു.. അവൾ പതിയെ
” അയ്യോ.. അങനെയൊന്നൂല്ലൃാ പറഞ്ഞ് തലതാഴ്ത്തി ഇരുന്നു..”
ഞാൻ വീണ്ടും ആവർത്തിച്ചു
” എന്തായാലും പറയൂ.., എനിക്കത് അറിയണം..”
കുറേ കഷ്ടപ്പെട്ടിടോണം ഇനിമുതൽ ഡാൻസിനെ ഉപേക്ഷിക്കേണ്ടി വരുമല്ലോ എന്നുള്ള വേവലാതി ആയിരുന്നെന്ന് മനസ്സിലാക്കാൻ സാധിച്ചു..
പിന്നെ ഒരു ചോദൃവും
” ന്താ ഏട്ടന് ഡാൻസിനോട് ഇത്ര ദേഷൃം.??”
കോളേജ് കാലഘട്ടത്തിൽ ജീവനും തുലൃം സ്നേഹിച്ച ഒരു ഡാൻസുകാരി കൊച്ചിൻ്റെ വഞ്ചനയുടെ ഭൂതകാലത്തെ അവൾക്കരുകിൽ അവതരിപ്പിക്കാൻ എനിക്ക് പിന്നെ അധികം ബദ്ധപ്പെടേണ്ടി വന്നില്ല. അതിനുശേഷം ഞാൻ ഉറപ്പിച്ചതാണ് ഇനിയൊരു ഡാൻസുകാരി എൻ്റെ ജീവിതത്തിൽ വേണ്ടെന്ന്.
അതുകേട്ടതും ഒരു പൊട്ടിച്ചിരിയുടെ കുടപിടിച്ച് അവളുടെ മറു ചോദൃം,
“ഒരുത്തി ചതിച്ചൂ വെച്ച് എല്ലാ ഡാൻസ് കളിക്കണോരും അതേ മനസ്സുള്ളവരാണെന്നാണോ കരുതണേ..”
അതിന് അല്ലാ എന്നുള്ള ഒരേഒരുത്തരമേ ഉള്ളു എന്നറിയാം എന്നാലും ഞാൻ ഡാൻസിനെ ശക്തിയുക്തമായ് എതിർത്തുകൊണ്ടേയിരുന്നു.. അവളതിനെ പ്രതിരോധിക്കാൻ ശ്രമിച്ചതേയില്ല..
പിന്നീട് ഒരുപാട് വർഷം കടന്നുപോയ്, ഞങളാ വീട്ടിൽ പരസ്പരം ഇണങിയും, പൂർവ്വകാല പ്രണയത്തിൻ്റെ പേരിൽ പിണങിയുമൊക്കെ ആസ്വദിച്ചു, അതിനിടയിലെപ്പോഴോ ഞങൾക്ക് താലോലിക്കാനായ് അമ്മുവിനേയും കിട്ടി..
പക്ഷെ ഒരിക്കൽപോലും ഡാൻസ് ചെയ്യണമെന്നാവശൃവുമായ് അവളെനിക്കരുകിൽ വന്നതേയില്ല. പലപ്പോഴായ് അവൾക്ക് മുന്നിൽ നൃത്തം ചെയ്യാൻ കിട്ടിയ വേദികൾ പലതും എന്നോട് ചോദിക്കാൻ പോലും നിൽക്കാതെ അവളുപേക്ഷിച്ചിരുന്നു. ഇതിനെല്ലാം മൂക സാക്ഷിയായ് ഞാൻ മാത്രം..
ഇതിനിടയിൽ ഒരുദിവസം ജോലിക്ക് പോവുമ്പോൾ, നേരം വൈകിയതിനാൽ സാധാരണയിലും അല്പമൊന്ന് വേഗതയിൽ ആയിരിന്നു ബെെക്കിൽ സഞ്ചരിച്ചരുന്നത്. പെട്ടെന്ന് എപ്പോഴോ എനിക്ക് വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പട്ട് എതിരെ വന്ന ബസ്സിനടിയിലേക്ക് തെറിച്ച് വീണു.
പിന്നീടെനിക്കൊന്നും ഓാർമ്മയില്ലായിരുന്നു. കണ്ണ് തുറന്നപ്പോൾ കണ്ടത് മീര എനിക്കരുകിൽ വിതുമ്പി നിൽക്കുന്നത് മാത്രമാണ്.. അവൾ പതിയെ എന്നെ ആ കട്ടിലിൽ ചാരി ഇരുത്തിയപ്പോളാണ് ഞാനത് ശ്രദ്ധിച്ചത്, എനിക്ക് കുറുകെ പാഞ്ഞു വന്ന ആ ബസ്സ് കവർന്നെടുത്തത് എൻ്റെ ജീവിതം മാത്രമല്ല, എൻ്റെ പാദങളും കൂടിയാണെന്ന്.
പിന്നീട് ജീവിതം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെട്ട ദിനങളായിരുന്നു. പാവം എൻ്റെ മീര എനിക്ക് വേണ്ടി ഉപേക്ഷിച്ച ആചിലങ്കകൾ ഒരിക്കൽകൂടിയവൾ പൊടിതട്ടിയെടുത്തു. ആ നാട്ടിലെ സർവ്വ കുരുന്നുകൾക്കുമിടയിൽ അവളൊരിക്കൽകൂടി ഗുരുനാഥയായി മാറാൻ അധിക നാൾ വേണ്ടിവന്നില്ല..
പെട്ടെന്ന് ഞാൻ ഉറക്കമുണർന്നു, മീര പറയുന്നുണ്ടാർന്നു ഏട്ടാ സ്ഥലമെത്തീന്ന്.. പതിയെ എഴുന്നേറ്റ് ഉന്തുകസേരയിൽ സ്ഥാനമുറപ്പിച്ചു. എൻ്റെ മകൾ കാല്ക്കൽ വീണ് ദക്ഷിണ തന്ന് അനുഗ്രഹം മേടിച്ച് സ്റ്റേജിനു മുകളിൽ കയറി. ഞാൻ ആ വേദിക്ക് മുൻ നിരയിൽ തന്നെ സ്ഥാനമുറപ്പിച്ചു..
ഇന്നെൻ്റെ അമ്മൂൻ്റെ അരങേറ്റമാണ്..!!!
✍ ജിത്തു

Recent Comments