പെണ്‍കുട്ടികളുടെ അച്ഛൻ

മുംബൈയിലേയ്ക്കുള്ള വിമാനയാത്രയിലാണ് ഹർഷവർദ്ദൻ റെഡ്ഡി എന്നെ ഇങ്ങോട്ട് കേറി പരിചയപ്പെട്ടത്‌. വിശാഖപട്ടണത്തെ ഒരു പ്രമുഖ ആർക്കിടെക്റ്റായിരുന്നു അദ്ദേഹം. എന്റെ പേര് അയ്യപ്പൻ ആചാര്യ, പിഎച്ച്ഡി ചെയ്യുന്നു എന്ന് താല്പര്യമില്ലായ്മയുടെ ശബ്ദനിയന്ത്രണത്തോടെ ഞാൻ പറഞ്ഞു. പോയ വർഷം ശബരിമലയിൽ തന്റെ രണ്ട് ആണ്‍മക്കളുമായി മലകയറിയതും മറ്റും അയാൾ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു. മക്കളിൽ മൂത്തവന്റെ ചിത്രകലാ പാടവവും, ഇളയവന്റെ ബാഡ്മിന്റൻ നേട്ടങ്ങളുമെല്ലാം ഇടയ്ക്ക് കയറി വന്നു. മക്കളെ കുറിച്ച് പറയുമ്പോൾ ഈ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള അച്ഛനായിരുന്നു അയാൾ. അവരുടെ പഠനത്തിനും, മറ്റും അയാൾ ചിലവഴിക്കുന്ന സമയത്തെ കുറിച്ചും, പണച്ചിലവിനെ കുറിച്ചുമൊക്കെ അയാൾ വാചാലനായി. “ഭാഗ്യം എനിക്ക് പെണ്‍കുട്ടികളൊന്നും ജനിക്കാഞ്ഞത്”- സംസാരത്തിനിടയിൽ അയാൾ പറഞ്ഞ ഈ വാചകത്തിൽ കാൽകുരുങ്ങി താഴെവീണ്, ആ നിമിഷത്തിൽ നിന്ന് എണീക്കാനാവാതെ ഞാൻ സ്പ്രയാസപ്പെട്ടു. അയാളോട് എനിക്ക് വെറുപ്പ്‌ തോന്നിയില്ല. എത്ര നിർഭാഗ്യവാനായ ഒരു അച്ഛനാണയാൾ; അല്ലെങ്കിൽ ഒരുതരത്തിലും അച്ഛാ എന്ന് വിളിക്കപ്പെടാൻ അർഹതയില്ലാത്തവൻ…

ഇതല്ലാതെ മറ്റൊന്നുമായിരുന്നിരിക്കില്ല ആ രാത്രിയിൽ എന്റെ അസ്വസ്ഥതയ്ക്ക് കാരണം. “എടോ നമ്മുക്ക് ഒരു മൂന്ന് നാല് പെണ്‍കുട്ടികളുടെ അച്ഛനുമമ്മയുമായാലോ?”- അവളോട് ഫോണിൽ സംസാരിക്കുമ്പോൾ പെട്ടെന്ന് ‌ ഞാൻ ചോദിച്ചു.

“ഇതെന്താ ഇപ്പോൾ ഇങ്ങനെയൊരു പൂതി. നമ്മുക്ക് നിന്നെപ്പോലെ ഒരാണ്‍കുട്ടി പോരെ?”- അവൾ അത്ഭുതപ്പെട്ടു. “ഇല്ല എനിക്ക് പെണ്‍കുട്ടികളുടെ അച്ഛനായാൽ മതി”- ഞാൻ ഇങ്ങനെ പറയുമ്പോൾ, അതെന്തേ എന്നൊരു മറുചോദ്യം അവളിൽ നിന്നുണ്ടായില്ല. പകരം ഒരു ഉറപ്പാണ് അവൾ തന്നത്: “നിന്റെ എത്ര പെണ്‍കുഞ്ഞുങ്ങൾക്കും അമ്മയാവാൻ എനിക്കെന്നും സമ്മതമാണ്”.

പതിവുപോലെ “മനസ്സിൻ മടിയിലെ മാന്തളിരിൽ, മയങ്ങൂ മണിക്കുരുന്നേ…”- എന്ന പാട്ട് മൂളിക്കൊടുത്തപ്പോൾ, അവൾക്ക് പതിയെ ഉറക്കം വന്നുതുടങ്ങി. ഫോണ്‍ കട്ട് ചെയ്തു.

ഉറങ്ങാൻ കിടന്നപ്പോൾ, മൊബൈലിൽ അവളുടെ മെസ്സേജ് വന്നു ചിലച്ചു, അത് ഞാൻ ഇങ്ങനെ വായിച്ചു: “ഏതൊരു കുഞ്ഞും, ഏതൊരു പെണ്‍കുഞ്ഞും ആദ്യം ജനിക്കേണ്ടത്‌ അവളുടെ അച്ഛന്റെ മനസ്സിലാവണം. എന്നെങ്കിലുമൊരിക്കൽ എന്റെ വയറ്റിൽ പിറക്കാൻ പോകുന്ന പെണ്‍കുഞ്ഞുങ്ങൾ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവരാണ്. ഗുഡ് നൈറ്റ്‌”

അന്നാണ് ശരീരങ്ങൾ കൊണ്ടൊന്ന് തൊടാതെ, ചുംബിക്കാതെ, കാമിക്കാതെ, മനസ്സുകൊണ്ട് ഞങ്ങൾ അച്ഛനുമമ്മയുമായത്: ഞങ്ങൾക്ക് ഒരുപാട് പെണ്‍കുഞ്ഞുങ്ങൾ പിറന്നത്‌.

Share:
Category:Stories
PREVIOUS POST
ഭാര്യ
NEXT POST
Stay Connected
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!