പുസ്തകത്താളുകളിലൂടെ
കോളേജിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ തന്നെ അലട്ടികൊണ്ടിരുന്നത് അവന്റെ ഫോൺ കാൾ ആയിരുന്നു. എന്തിനാവും ഇത്രയും നാളുകൾക്കു ശേഷം അവൻ കാണണം എന്നു പറഞ്ഞത്?
ഏറെ നാളുകൾക്കു ശേഷം കേട്ട അവന്റെ ശബ്ദം തനിക്ക് പറഞ്ഞറിയിക്കാൻ വയ്യാത്ത എന്തോ ഒരു അനുഭൂതിയാണ് നൽകിയത്. കുറച്ചൊക്കെ മാറിയിട്ടുണ്ടെങ്കിലും സംസാരത്തിന് ആ പഴയ താളം തന്നെ ആയിരുന്നു. എന്നാലും തന്റെ നമ്പർ അവനു എങ്ങനെ കിട്ടി? ഇനി, തന്റെ പ്രോഗ്രാം കാണാൻ അവനും വന്നിട്ടുണ്ടാവുമോ? ഇപ്പോൾ എങ്ങനെ ആവും അവനെ കാണാൻ? കുറച്ചു കൂടെ സുന്ദരനാവാനേ വഴിയുള്ളു, ചിലപ്പോൾ ഇപ്പോഴത്തെ അടിപൊളി ചെക്കന്മാരെ പോലെ താടിയൊക്കെ വളർത്തിയിട്ടുണ്ടാവും. അതുകൊണ്ട് തനിക്ക് അവനെ കണ്ടാൽ മനസിലാകാതിരിക്കുമോ? ഏയ് അങ്ങനെ വരാൻ വഴിയില്ല, അവന്റെ ശബ്ദം തനിക്കു പെട്ടെന്ന് മനസിലായല്ലോ അപ്പോൾ പിന്നെ കണ്ടാൽ മനസിലാകാതിരിക്കില്ല.
പുസ്തകങ്ങളായിരുന്നു തന്നെ അവനിലേക്ക് ആകർഷിച്ചത്, ആദ്യം കോളേജ് ലൈബ്രറിയിൽ, പിന്നീട് കോളേജിനു പുറത്തുള്ള ലൈബ്രറികളിൽ. കണ്ടാൽ ചിരിക്കുമെന്നല്ലാതെ ഒരിക്കലും അവൻ തന്നോട് സംസാരിക്കാൻ ശ്രമിച്ചിട്ടില്ല, പുസ്തകങ്ങളോട് സംസാരിക്കാനായിരുന്നു അവന് കൂടുതൽ ഇഷ്ടം. അതിനിടയിൽ എപ്പോഴോ താൻ അവനോട് സംസാരിക്കാൻ ആരംഭിച്ചിരുന്നു, പുസ്തകങ്ങൾ തന്നെ ആയിരുന്നു വിഷയവും. തന്നെ പറ്റി കൂടുതൽ അറിയാൻ അവൻ ശ്രമിച്ചതേയില്ല, അറിയിക്കാൻ താനൊട്ടു മെനക്കെട്ടതുമില്ല.
ഒന്നു ചിരിച്ചുകാണിച്ചാൽ ഭൂതവും ഭാവിയും വർത്തമാനവുമൊക്കെ ജ്യോൽസ്യന്മാർ കവടി നിരത്തി കണ്ടുപിടിക്കുന്നതിനേക്കാൾ മിടുക്കോടെ കണ്ടുപിടിക്കുന്ന ആൺസിംഹങ്ങൾ ഉള്ള മനുഷ്യകുലത്തിൽ അവൻ മാത്രം വ്യത്യസ്തനായി.
ഏതോ ഒരു പുസ്തകത്തെക്കുറിച്ചുള്ള ചർച്ചക്കിടയിൽ “തനിക്കും ഒന്നു ശ്രമിച്ചൂടെ എഴുതാൻ” എന്ന അവന്റെ ചോദ്യമാണ് തനിക്ക് പേനയെടുക്കാനുള്ള ആത്മവിശ്വാസം പകർന്നുതന്നത്. അവനു വേണ്ടി മാത്രം ആണ് താൻ എഴുതിയ, എഴുതിക്കൊണ്ടിരിക്കുന്ന, ഇനിയും എഴുതാനുള്ള ഓരോ അക്ഷരങ്ങളും, അതെ അവനു വേണ്ടിയാണ്, അവനു താൻ നൽകിക്കൊണ്ടിരിക്കുന്ന പ്രണയത്തിന്റെ അക്ഷയപാത്രം.
വിവാഹം ചെയ്ത് ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന പ്രണയമല്ല, ജീവിതസുഖങ്ങൾക്കപ്പുറം ഏതോ പുസ്തകത്തിലെ പുറവും മറുപുറവും ആയിത്തീർന്നുകൊണ്ടിരിക്കുന്ന പ്രണയം. തന്റെ പ്രണയത്തിനുള്ള മറുപടിയുമായാണോ അവൻ വന്നിരിക്കുന്നത്? അതെ, അങ്ങനെ തന്നെ ആയിരിക്കും. ഒരിക്കൽ തന്നെ തേടി അവൻ വരുമെന്ന് തനിക്കറിയാമായിരുന്നു, പക്ഷെ ആ കൂടിക്കാഴ്ച ഇത്രത്തോളം വൈകുമെന്ന് വിചാരിച്ചില്ല.
കുറച്ചധികം നേരമായെന്ന് തോന്നുന്നു അവനുവേണ്ടി ഇവിടെ കാത്തിരിക്കാൻ തുടങ്ങിയിട്ട്, ഇപ്പോൾ തന്നെ രണ്ടു കാപ്പി കുടിച്ചു കഴിഞ്ഞിരിക്കുന്നു. അവന്റെ ശബ്ദം ആണല്ലോ കേൾക്കുന്നത്. ആരായിരിക്കും അവന്റെ കൂടെ ഉള്ള പയ്യൻ, ചിലപ്പോൾ കൊച്ചുമകൻ ആയിരിക്കും. താൻ പ്രതീക്ഷിച്ചതു പോലെ തന്നെ അവൻ താടി വച്ചിരിക്കുന്നു, അതും നല്ല ഭംഗിയായി വെട്ടിയൊതുക്കി. മുഖത്ത് കുറച്ചധികം ചുളിവുകൾ വീണിട്ടുണ്ടെകിലും അവന്റെ നരച്ച മുടി അവനെ കുറച്ചുകൂടി സുന്ദരനാക്കുന്നോ? നാല്പത്തിയഞ്ചു വർഷങ്ങൾക്കുമുൻപ് ഒരു മഴയിലേക്കിറങ്ങിപോയതാണവൻ, പിന്നെ ഇപ്പോഴാണ് തന്നെ കാണാനായി വരുന്നത്.
അവന്റെ കണ്ണുകൾക്ക് കാഴ്ചശക്തി കുറഞ്ഞെന്നു തോന്നുന്നു, ആ പയ്യനാണ് അവനെ കസേരയിൽ ഇരിക്കാൻ സഹായിച്ചത്. കുറെയേറെ സംസാരിക്കാൻ ഉണ്ടായിരുന്നു, ഒന്നും പറഞ്ഞു തീർന്നില്ലെങ്കിലും ഒരു കാര്യം താൻ അവനോട് തറപ്പിച്ചു തന്നെ പറഞ്ഞു, നാല്പത്തിയഞ്ചു വർഷങ്ങൾക്കുമുൻപ് നഷ്ടപെട്ട ആ കണ്ണുകൾക്ക് പകരം ഇനി താനുണ്ടാവുമെന്ന്. ഇപ്പോൾ ഈ മഴയിലേക്കിറങ്ങുമ്പോൾ അവന്റെ കരം മുറുകെ പിടിച്ചിരിക്കുന്നതും അതുകൊണ്ട് തന്നെ !!!!!

Recent Comments