October 4, 2020
മറവിയുടെ പരിണാമം
ഏറ്റവും ഭംഗിയുള്ള കൈപ്പടയിലാണ് നിന്നെ ഞാൻ അടയാളപ്പെടുത്തിവെച്ചത്… കാലം തെറ്റി പെയ്ത മഴയിൽ ഓർമകൾ ചോർന്നൊലിക്കുന്ന കൂരയ്ക്ക് കീഴെ മഷി പടർന്ന ചില വാക്കുകൾ മാത്രമായ് നീയവശേഷിച്ചു…
ഏറ്റവും പ്രിയപ്പെട്ടതിന്റെ ഒപ്പമാണ് നിന്നെ ഞാൻ സൂക്ഷിച്ച് വെച്ചത്… കാണപ്പെടാതെ, സ്നേഹിക്കപ്പെടാതെ നിന്റെ അവസാന ഓർമയും ചിതലരിച്ചിരിക്കുന്നു…
നിന്നെയോർക്കുമ്പോഴൊക്കെ ഉള്ളിലൊരായിരം ചിറകടിയൊച്ചകൾ മുഴുങ്ങുമായിരുന്നു… ഇന്നിവിടം നിശബ്ദമാണ്… ഞാൻ നിസ്സഹായയും, അപരാധിയും…
മറന്നു പോയെന്ന ന്യായം
എന്റെ കഴുത്തിൽ കുരുക്ക് മുറുക്കുന്നു… എന്റെയാത്മാവിന്റെ നീതിപീഠം വിരഹമെന്ന മരണശിക്ഷയ്ക്ക് വിധിക്കുന്നു…
അത്രയേറെ പ്രിയപ്പെട്ടത് മറവിക്ക് വിട്ടുകൊടുത്തതിന് ഞാനെന്‍റെ ശിക്ഷ ഏറ്റുവാങ്ങുന്നു… പ്രണയത്തെ പ്രണയിക്കാൻ മറന്നുപോയതിന് ഞാനെന്റെ ശിക്ഷ ഏറ്റുവാങ്ങുന്നു…

Recent Comments