മഴത്തുള്ളികൾ

മഴയുടെ അവസാന തുള്ളിയും വീണിരിക്കുന്നു….. അവർ ഇന്നും ആ വരാന്തയുടെ കോണില്‍ നില്‍പ്പുണ്ട്, എന്നത്തേതിലും അടുത്ത്. ഈ ദിവസം അവര്‍ക്കിടയില്‍ മറ്റാരും ഇല്ല, പുറകില്‍ നിന്ന് അടക്കം പറയുന്നവരോ… ഇടയില്‍ കിടന്ന് കട്ടുറുമ്പ് കളിക്കുന്നവരോ ആരും. ആകെ ഉള്ളത് അവരുടെ ഇടയില്‍ അതിഥിയായി വന്ന മൗനവും പിന്നെ അവർ കാണാതെ അവരെ നോക്കി നില്‍ക്കുന്ന ഞാനും.

മുഖത്തെ പുട്ടിയിലൂടെ ഒരു നേര്‍ത്ത ചാല് കീറി ഇട്ടിട്ടുണ്ട് അവളുടെ കണ്ണീര്‍. ദിശയറിയാതെ അത്‌ ഒഴുകി നിലത്തേക്കിറ്റ് വീഴുന്നു. ദൂരേക്ക് നോക്കി നില്‍ക്കുന്ന അവന്റെ മുഖത്തെ ഭാവങ്ങള്‍ വിവരിക്കാന്‍ എനിക്കാവുന്നില്ല എങ്കിലും വിങ്ങിപ്പൊട്ടാൻ വെമ്പുന്ന ഒരു ഹൃദയവുമായ് നില്‍ക്കുകയാണ്. എങ്ങനെ കരയാതെ ഇരിക്കും, പ്രാണന്റെ പാതിയായി കൂട്ടിയവളെ പാതി വഴിയില്‍ മറ്റൊരാള്‍ക്ക് കൊടുക്കുന്നതിന്റെ വേദന മറ്റേത് തരത്തില്‍ പ്രകടിപ്പിക്കും.. ! അതെ, നാളെ മുതൽ അവള്‍ ഇല്ല. തട്ടമിട്ട 19 കാരിയുടെ ആഗ്രഹങ്ങള്‍ക്ക് വീട്ടുകാരുടെ സമ്മാനം. എതിര്‍ത്ത് ഒരു വാക്ക് പറയാന്‍ പറ്റാതെ പാതി മുഖം കൊണ്ട്‌ കണ്ടയാള്‍ക്ക് അവൾ അടിമയാകാൻ പോകുന്നു. അതിന്റെ ആദ്യപടി എന്നവണ്ണം കോളേജ് ജീവിതത്തിന് തിരശീല വീഴും ഇന്ന്‌.

അടുത്ത ആഴ്ച അവളുടെ കല്യാണമാണ്. മുണ്ട് മടക്കി കുത്തി  ഇതെന്റെ പെണ്ണാണെന്നും പറഞ്ഞ്‌ വിളിച്ചിറക്കികൊണ്ട്‌ വരണമെന്നുണ്ടവന്, പക്ഷേ ഒരു 20 കാരന് ഈ ആഗ്രഹം ചേര്‍ന്നതല്ല എന്നവനും അറിയാമായിരുന്നു അതിന്റെ മൗനമാണ് ആ മുഖത്ത് . ചിലപ്പോൾ അവളുടെ ഒരു വാക്കില്‍ ഈ വിധി മാറാം എന്നാലും  ചെയ്യില്ല കാരണം മിക്ക പെണ്‍കുട്ടികളെയും പോലെ ആണ്‌ അവളുo,കഷ്ടം! ഒരു ജീവിതം എറിഞ്ഞുടക്കുന്ന രണ്ട് പേർ.

ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോൾ അവന്റെ ചുണ്ടില്‍ ഒരു ചിരി പടർന്നു. അത്രയും നേരം പിടിച്ചുവെച്ച കണ്ണീരിന് ആ ചിരിയുടെ അര്‍ത്ഥം മനസ്സിലായെന്നു തോന്നുന്നു, അത് പ്രവഹിക്കാന്‍ തുടങ്ങി. പെട്ടന്ന് കോളേജിലെ ആദ്യ മണി മുഴങ്ങി, എല്ലാവരും ക്ലാസില്‍  കയറി, അവരും തിരിഞ്ഞ് നടന്നു ക്ലാസിലേക്ക്. അപ്പോഴാണ് ആ കൈകൾ കോര്‍ത്ത്‌ കിടക്കുന്നത് ശ്രദ്ധിച്ചത്. ക്ലാസില്‍ കയറുന്നത് വരെ അവ അങ്ങനെ കിടന്നു. ഇനി ഒരിക്കലും ചേര്‍ന്ന് കിടക്കില്ല എന്ന തിരിച്ചറിവോടെ..

പിന്നീട് ഞാന്‍ അവളെ കണ്ടിട്ടില്ല. പക്ഷേ അവന്‍ ഇന്നും ആ വരാന്തയുടെ കോണില്‍ നില്ക്കുന്നുണ്ട്, കൂടെ അവൾ ഉണ്ടെന്ന വിശ്വാസത്തോടെ.. ഇതിന് മുമ്പും ഇപ്പോളും ഇനിയും, ഈ വരാന്തകൾക്ക് ഒരുപാട്‌ കഥകൾ പറയാന്‍ ഉണ്ടാകും. ചിലപ്പോൾ ചില രഹസ്യങ്ങളും.

Share:
Category:Love
PREVIOUS POST
ഒരു നൊസ്റ്റാൾജിയ
NEXT POST
പുസ്തകത്താളുകളിലൂടെ
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!