നീ ഒറ്റക്ക് എങ്ങോട്ട് പോകുന്നു പെണ്ണേ
നമ്മുടെ സൗരയൂഥത്തിനെയും കടന്നുപോയ ഒരു ഇന്ത്യൻ ഗാനത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?
പ്രശസ്ത ഖയാൽ ഗായികയായ കേസർബായി കെർക്കാറിന്റെ “നീ എവിടേയ്ക്കാണ് ഒറ്റയ്ക്ക് പോകുന്നത് പെണ്ണെ (जा’त कहाँ हो अकेली गोरी)” എന്ന ഭൈരവി രാഗത്തിലുള്ള ആലാപനം ആണ് ഈയടുത്ത് സൗരയൂഥത്തിന്റെ അതിർത്തിയും ലംഘിച്ച് ഇന്റർ സ്റ്റെല്ലാർ സ്പേസിലേക്ക് പോയ വോയജർ രണ്ടിലെ ഗോൾഡൻ റെക്കോർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഗോവയിലെ ഒരു ഗ്രാമത്തിൽ ജനിച്ച്, ദേവദാസി സമ്പ്രദായത്തിന്റെ ചട്ടക്കൂട്ടിൽ നിന്ന് പുറത്തു വന്നു പ്രശസ്ത ഗായികയായി മാറിയ കേസർബായിയും, ഈ ഗാനവും, വോയജർ മിഷന് ഏറ്റവും അനുയോജ്യമായ പാട്ടുകാരിയും പാട്ടുമായി മാറി.
1965 ലാണ് വോയേജർ ഒന്ന് രണ്ട് എന്നപേരിൽ രണ്ടു ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന കാര്യം നാസ ആലോചിക്കുന്നത്. വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളെ ഒരു ഉപഗ്രഹം കൊണ്ടുതന്നെ അടുത്ത് നിന്ന് നിരീക്ഷിക്കണമെങ്കിൽ ഈ ഗ്രഹങ്ങൾ ഏതാണ്ട് ഒരേ നേർരേഖയിൽ വരേണ്ടതുണ്ട്. 176 വർഷത്തിൽ ഒരിക്കൽ മാത്രമാണ് അങ്ങിനെ സംഭവിക്കുക. 1970 അങ്ങിനെ ഒരു വർഷമായിരുന്നു. ഈ സുവർണാവസരം പാഴാക്കാതെ ഒരു ഉപഗ്രഹം അയക്കാൻ നാസ തീരുമാനിച്ചു.
പക്ഷെ അന്നത്തെക്കാലത്ത് ഒരു ബില്യൺ ഡോളർ ചിലവ് വരുന്ന ഈ പ്രോജെക്ടിന് അമേരിക്കൻ പ്രെസിഡന്റിന്റെ അനുമതി കിട്ടിയില്ല. വ്യാഴവും, ശനിയും മാത്രം സന്ദർശിക്കാൻ തരത്തിലുള്ള ഒരു പ്രോജെക്ടിനാണ് അനുമതി കിട്ടിയത്. പക്ഷെ ഈ പ്രോജെക്ടിൽ പ്രവർത്തിച്ചവർ, രഹസ്യമായി സൗരയൂഥത്തിലെ പുറം ഗ്രഹങ്ങളെ എല്ലാം സന്ദർശിക്കാനുള്ള ഒരു ഉപഗ്രഹം ആണ് രഹസ്യമായി ഡിസൈൻ ചെയ്തു വിക്ഷേപിച്ചത്. ഉപഗ്രഹ വിക്ഷേപങ്ങൾ പരാജയപ്പെടാനുള്ള സാധ്യതയും ഇങ്ങിനെ ഗ്രഹനില ഇനി അടുത്ത കുറെ വർഷത്തേക്ക് വരില്ല എന്നതും കണക്കിലെടുത്ത് വോയജർ ഒന്ന് രണ്ടു എന്ന് രണ്ടു ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ തീരുമാനിക്കപ്പെട്ടു.
ഈ ഉപഗ്രഹങ്ങൾ സൗരയൂഥത്തിന് പുറത്തേക്കു പോകാനും, കോടിക്കണക്കിനു വർഷങ്ങൾക്ക് ശേഷം മനുഷ്യന്റെ അത്രയോ, അതിലേറെയോ ബുദ്ധിശക്തിയുള്ള ഏതെങ്കിലും ജീവികൾ ജീവിക്കുന്ന ഒരു ഗ്രഹത്തിൽ ഉള്ളവർ കണ്ടെടുക്കാനോ ഉള്ള സാധ്യത കണക്കിലെടുത്തു, നമ്മുടെ ഭൂമിയുടെ സൗരയൂഥത്തിലെ സ്ഥാനം, ഭൂമിയിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും സ്ഥലങ്ങളുടെയും ചിത്രങ്ങൾ എന്നിവയടങ്ങിയ ഗോൾഡൻ റെക്കോർഡുകൾ ഈ ഉപഗ്രഹങ്ങളിൽ അടക്കം ചെയ്യാനും തീരുമാനമായി. ഈ റെക്കോര്ഡുകളുടെ പുറത്ത് നമ്മുട ഗ്രഹത്തിന്റെ പ്രപഞ്ചത്തിലെ സ്ഥാനവും, ഈ റെക്കോർഡ് എങ്ങിനെ പ്രവർത്തിപ്പിക്കണം എന്നതും രേഖപ്പെടുത്തിയിട്ടുണ്ട്. കോടിക്കണക്കിന് വർഷങ്ങൾ കേടുകൂടാതെ ഇരിക്കുന്ന വിധത്തിലാണ് ഇവ നിർമിച്ചിട്ടുള്ളത്. റിച്ചാർഡ് ഫെയ്ൻമാന് ആയിരുന്നു ഈ ഗോൾഡൻ റെക്കോർഡ് ഉണ്ടാക്കുന്ന ചുമതല. അദ്ദേഹമാണ് ഇതിലുള്ള പല ശബ്ദങ്ങളും ചിത്രങ്ങളും പാട്ടുകളും തിരഞ്ഞെടുത്തിട്ടുള്ളത്. ഇന്ത്യയിൽ നിന്ന് നമസ്തേ മുതൽ ലോകത്തിലെ എല്ലാ സമൂഹങ്ങളുടെയും ഗ്രീറ്റിങ്സ് മുതൽ , പല സ്ഥലങ്ങളുടെയും ജീവികളുടെയും മനുഷ്യന്റെ കണ്ടുപിടുത്തങ്ങളുടെയും നിര്മിതികളുടെയും ചിത്രങ്ങളും ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട്. ആ റെക്കോർഡിൽ ഉള്ള സംഗതികൾ എല്ലാം ഇവിടെ കാണാം : https://voyager.jpl.nasa.gov/golden-record/whats-on-the-record/ 1977 സെപ്തംബർ അഞ്ചിന് വിക്ഷേപിച്ച വോയജർ ഒന്ന് 79 ൽ വ്യാഴത്തിന്റെയും 1980 ൽ ശനിഗ്രഹത്തിന്റെയും വളരെ അടുത്തുകൂടെ പോയി ചിത്രങ്ങൾ എടുത്തു. ഇതിനും പതിനാറു ദിവസത്തിനു മുൻപ് തന്നെ വോയജർ രണ്ടു വിക്ഷേപിച്ചിരുന്നു. കൂടുതൽ സമയം എടുത്ത് വ്യാഴത്തിന്റെയും ശനിയുടെയും അടുത്ത് എത്തുന്ന തരത്തിലും, അത് കഴിഞ്ഞു നെപ്ട്യൂൺ, യുറാനസ്, പറ്റുമെങ്കിൽ പ്ലൂട്ടോ എന്നീ ഗ്രഹങ്ങളെ കൂടി സന്ദർശിക്കാൻ വേണ്ടി ആയിരുന്നു വോയജർ രണ്ടിന്റെ വിക്ഷേപണം 16 ദിവസം നേരത്തെ ആക്കിയത്. മനുഷ്യൻ ഇന്നുവരെ വിക്ഷേപിച്ചിട്ടുള്ള ഉപഗ്രഹങ്ങളിൽ ഏറ്റവും വിജയം വരിച്ച ഒന്നാണ് വോയജർ രണ്ട്. വ്യാഴത്തിന്റെ അടുത്തുള്ള ഫോട്ടോകൾ, അതിൽ വീശിയടിക്കുന്ന കൊടുങ്കാറ്റിന്റെ ചിത്രങ്ങൾ, ശനിയുടെ വലയങ്ങളുടെ വളരെ അടുത്തുള്ള ചിത്രങ്ങൾ, യുറാനസിന്റെയും അതിന്റെ വിചിത്ര ആകൃതിയിൽ ഉള്ള ഉപഗ്രഹങ്ങളുടെയും ചിത്രങ്ങൾ , പ്ലൂട്ടോയുടെ വ്യക്തമായ ചിത്രങ്ങൾ എന്നിവ കൂടാതെ വ്യാഴത്തിന്റെ ഉപഗ്രമായ അയോ യിൽ നടന്ന ഒൻപത് അഗ്നിപർവത വിസ്ഫോടനങ്ങളുടെയും ചിത്രങ്ങൾ വോയജർ ഭൂമിയിലേക്കയച്ചിട്ടാണ്, സൗരയൂഥത്തിന് പുറത്തേക്കുള്ള യാത്ര തുടങ്ങിയത്.
2012 ഓഗസ്റ്റ് 25 ന് വോയജർ ഒന്നും, കഴിഞ്ഞ മാസം അഞ്ചാം തീയതി വോയജർ രണ്ടും സൗരയൂധത്തിന് പുറത്തേക്ക് കടന്നു. ഇനി ഇവയുടെ സിഗ്നലുകൾ കിട്ടാൻ വളരെ ബുദ്ധിമുട്ടായിരിക്കും. പക്ഷെ കടലിൽ കുപ്പിയിലടച്ചു എറിഞ്ഞു കളഞ്ഞ ഒരു സന്ദേശം പോലെ ഗോൾഡൻ റെക്കോർഡുകൾ എന്നെങ്കിലും ആരെങ്കിലും കണ്ടെത്തുമെന്നും അന്ന് ആരെങ്കിലും അവ പ്രവർത്തിപ്പിക്കുമ്പോൾ അവർ നമ്മുടെ ഗാനവും കേൾക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം.
“നീ ഒറ്റയ്ക്ക് എങ്ങോട്ടാണ് പോകുന്നത് പെണ്ണെ? കുങ്കുമ വർണമാർന്ന പാടങ്ങളിൽ കൃഷ്ണൻ ഹോളി കളിക്കുന്നു, ഞാൻ അങ്ങോട്ട് പോകുന്നു.

Recent Comments