സംതൃപ്തി നേടാൻ ഒരു പരീക്ഷണം

എവിടെയെല്ലാം എപ്പോഴെല്ലാം സംതൃപ്തിയെ കണ്ടെത്തുന്നുവോ, അതേതു പ്രവൃത്തിയിൽ നിന്നായാലും ശരി, അതിനെ സാക്ഷാൽകരിക്കുക.

നിങ്ങൾക്കു ദാഹമനുഭവപ്പെടുന്നു, അപ്പോൾ നിങ്ങൾ വെള്ളം കുടിക്കുന്നു. സൂക്ഷ്മമായൊരു സംതൃപ്തി അവിടെ ഉണ്ടാകുന്നു. അപ്പോൾ ആ വെള്ളത്തെ മറക്കുക, ആ ദാഹത്തെ മറക്കുക. നിങ്ങൾക്കനുഭവപ്പെട്ടുകൊണ്ടിരിക്കുന്നതായ നിഗൂഢമായ ആ സംതൃപ്തിയോടൊപ്പം നിലനിൽക്കുക. അതിനെക്കൊണ്ട് നിങ്ങൾ നിറയട്ടെ. പൂർണ്ണ സംതൃപ്തനാവുക.

എന്നാൽ മനുഷ്യമനസ്സ് വളരെ വിചിത്രമാണ്. അത് അനുഭവിക്കുന്നത് അസംതൃപ്തിയേയും അസന്തുഷ്ടിയേയും മാത്രമാണ്. അതൊരിക്കലും സംതൃപ്തി അനുഭവിക്കുന്നില്ല.

അസംതൃപ്തികളനുഭവപ്പെടും, ദു:ഖങ്ങളനുഭവപ്പെടും, വേദനകളനുഭവപ്പെടും, നിങ്ങൾ ദു:ഖമനുഭവിക്കുമ്പോഴെല്ലാം നിങ്ങളാ ദു:ഖമായിത്തീരും. അങ്ങിനെയാണ് മുഴുവൻ ജീവിതവുമൊരു നരകമായിത്തീരുന്നത്. നിങ്ങളുടെ ജീവിതത്തെ ഒന്ന് വിശകലനം ചെയ്ത് നോക്കുക. സന്തോഷകരമായ നിമിഷങ്ങളെ, സന്തുഷ്ടവും ,സംതൃപ്തവുമായ നിമിഷങ്ങളെ, ആനന്ദപൂർണ്ണമായ നിമിഷങ്ങളെ നിങ്ങളെപ്പോഴെങ്കിലും വിലമതിച്ചിട്ടുണ്ടോ ? അതേ സമയം നിങ്ങൾ നിങ്ങളുടെ ഒരോ വേദനകളേയും ദു:ഖങ്ങളേയും ദുരിതങ്ങളേയും സ്വായത്തമാക്കിയിട്ടുണ്ട്. നിങ്ങളവയെ കൂട്ടിച്ചേർത്ത് വച്ചുകൊണ്ടുമിരിക്കുന്നു. ഇത് നിങ്ങളുടെ തന്നെ തെരഞ്ഞെടുപ്പാണ്.

എപ്പോഴെല്ലാം നിങ്ങൾക്ക് സംതൃപ്തി അനുഭവപ്പെടുന്നുവോ അതേതു പ്രവൃത്തിയിൽ നിന്നായാലും, അതിനെ സാക്ഷാത്കരിക്കുക – അതിനെ അനുഭവിക്കുക. അതുമായി ഒന്നായിത്തീരുക. അതിനെ ക്ഷണികമായൊരു അവസ്ഥയായിട്ടെടുക്കാതിരിക്കുക. ആ സംതൃപ്തിക്ക് കൂടുതൽ യാഥാർത്ഥമായൊരു അസ്തിത്വത്തിന്റെ ഒരനുഭവമായിത്തീരാൻ കഴിയും.

എവിടെയെല്ലാം എപ്പോഴെല്ലാം സംതൃപ്തി അനുഭവപ്പെടുന്നുവോ, അതേതു പ്രവൃത്തിയിൽ നിന്നായാലും ശരി, അതിനെ സാക്ഷാത്കരിക്കുക – അതെവിടെ നിന്നായാലും യാതൊരു നിബന്ധനകളുമില്ല. നിങ്ങളൊരു സുഹ്യത്തിനെ കണ്ടുമുട്ടുന്നു, നിങ്ങൾക്ക് സന്തോഷമനുഭവപ്പെടുന്നു. നിങ്ങൾ നിങ്ങളുടെ പ്രേമഭാജനത്തെ കണ്ടുമുട്ടുന്നു. നിങ്ങൾക്ക് സന്തോഷമനുഭവപ്പെടുന്നു. അതിനെ സാക്ഷാത്കരിക്കുക. ആ നിമിഷത്തിൽ നിങ്ങൾ സന്തോഷം തന്നെയാവുക. ആ സന്തോഷത്തെ ഒരു വാതിലാക്കുക. അപ്പോൾ നിങ്ങൾ മനസ്സിനെ മാറ്റിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ മനസ്സ് ഭാവാത്മകമായിത്തീരും. അതേ ലോകമിപ്പോൾ വ്യത്യസ്തമായി കാണപ്പെടും.’

നാളെ രാവിലെ മുതൽ ദിവസം മുഴുവനും ഇതോർമ്മിക്കുക. സുന്ദരവും സംതൃപ്തവും ആനന്ദപൂർണ്ണവുമായ ഏതെങ്കിലും നിമിഷങ്ങൾ എപ്പോഴെല്ലാം നിങ്ങൾക്കനുഭവപ്പെടുന്നുവോ – 24 മണിക്കൂറിൽ അത്തരം പല നിമിഷങ്ങളുമവിടെയുണ്ട് – അവയെക്കുറിച്ച് ബോധവാനാവുക. സ്വർഗ്ഗം നിങ്ങളുടെ തൊട്ടടുത്തു തന്നെയുള്ളതായ പല നിമിഷങ്ങളുമവിടെയുണ്ട്. എന്നാൽ, നരകവുമായി നിങ്ങളത്രക്കും ബന്ധപ്പെട്ടവനാണ്. അതിനാൽ നിങ്ങൾക്കത് നഷ്ടപ്പെട്ടു കൊണ്ടേയിരിക്കുന്നു. സൂര്യനുദിക്കുന്നു, പുഷ്പങ്ങൾ വിടരുന്നു, പക്ഷികൾ പാടുകയും വൃക്ഷങ്ങളിലൂടെ ഇളം കാറ്റടിക്കുകയും ചെയ്യുന്നു. അത് സംഭവിച്ചുകൊണ്ടേയിരിക്കുകയാണ്. ഒരു കൊച്ചു കുട്ടി അവന്റെ നിഷ്കളങ്കമായ കണ്ണുകൾ കൊണ്ട് നിങ്ങളെ നോക്കുന്നു. നിഗൂഢമായൊരാനന്ദം നിങ്ങളിൽ നിറയുന്നു. അല്ലെങ്കിൽ ആരോ പുഞ്ചിരിക്കുന്നു. നിങ്ങൾക്കാനന്ദമനുഭവപ്പെട്ടുന്നു. ചുറ്റുപാടും നോക്കുകയും, ആനന്ദപ്രദമായ കാഴ്ചകളെ കണ്ടെത്തുവാൻ ശ്രമിക്കുകയും ചെയ്യുക.അനന്ദഭരിതനാവുക.അതിനെ ഉൾക്കൊള്ളുക. ആ നിമിഷത്തിൽ മറ്റെല്ലാം മറക്കുക. ആ രുചി അനുഭവിക്കുക.അതിനെ നിങ്ങളുടെ ശരീരം മുഴുക്കെ വ്യാപിക്കുവാൻ അനുവദിക്കുക. അതുമായി ഒന്നായിത്തീരുക. അതിന്റെ സുഗന്ധം നിങ്ങളെ പിൻതുടരും. മുഴുവൻ ദിവസവും അത് നിങ്ങൾക്കുള്ളിൽ മുഴങ്ങിക്കൊണ്ടിരിക്കും. ആ മുഴക്കം, ആ പ്രതിധ്വനിയുടെ അനുഭവം, അത് നിങ്ങളെ കൂടുതൽ യാഥാർത്ഥ്യബോധമുള്ളവനാക്കുവാൻ സഹായിക്കും.

ഇത് കൂടിക്കൂടി വന്നുകൊണ്ടിരിക്കും. രാവിലെ നിങ്ങളത് തുടങ്ങുകയാണെങ്കിൽ സന്ധ്യയാകുമ്പോഴേക്കും നിങ്ങൾ രാത്രിയോടും ഇരുട്ടിനോടും, ചന്ദ്രനോടും നക്ഷത്രങ്ങളോടും കൂടുതൽ തുറന്നവനായിത്തീരും. 24 മണിക്കൂർ നേരത്തേക്ക് ഒരു പരീക്ഷണമെന്ന നിലയിലത് ചെയ്തു നോക്കുക. അതെന്താണെന്നതിന്റെ ഒരനുഭവമുണ്ടാക്കി നോക്കുക. യാഥാർത്ഥ്യബോധം നിങ്ങളെ മറ്റൊരു ലോകത്തിലേക്ക് നയിക്കുമെന്ന് ഒരിക്കൽ നിങ്ങൾക്കനുഭവിക്കാൻ കഴിഞ്ഞാൽ പിന്നെ നിങ്ങളത് വിടുകയില്ല. മുഴുവൻ ഊന്നലുമപ്പോൾ നിഷേധാത്മകതയിൽ നിന്ന് ഭാവാത്മകതയിലേക്ക് മാറിക്കഴിഞ്ഞിരിക്കും. നിങ്ങളപ്പോൾ ലോകത്തിനു നേരെ വ്യത്യസ്തമായൊരു രീതിയിൽ, പുതിയ രീതിയിൽ നോക്കാൻ തുടങ്ങും.

✍🏻 ഓഷോ

Share:
Category:Inspiration
PREVIOUS POST
ജീവിതം
NEXT POST
‘ദിൽ’ & ‘ദിമാഗ്’
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!