കോപം
ഒരിക്കല്‍ ദേവന്മാരുടെ എന്തോ നടപടി ഉഗ്രമൂര്‍ത്തിയായ ശിവനെ പ്രകോപിപ്പിക്കാനിടയായി. ഞൊടിയിടയില്‍ ശിവന്‍ കോപം കൊണ്ടു വിറച്ചു.
ശിവന്റെ കോപം കണ്ട ദേവേന്ദ്രനും മറ്റു ദേവന്മാരും ജീവനും കൊണ്ട് സ്ഥലം വിട്ടു . പക്ഷേ, ശിവന്റെ കോപം കണ്ടിട്ടു ബ്രഹ്മാവിന് മാത്രം ഒരു കൂസലു മുണ്ടായില്ല.
അദ്ദേഹം നിന്നിടത്ത് അനങ്ങാതെ തന്നെ നിന്നു.
ശിവന്റെ കോപം വര്‍ധിക്കുവാന്‍ പിന്നെ വേറെ കാരണമൊന്നും വേണ്ടിയിരുന്നില്ല.
തന്റെ കോപത്തെ മാനിക്കാത്ത ബ്രഹ്മാവോ?
ശിവന്‍ ബ്രഹ്മാവിന്റെ നേരേ അടുത്തു. ഞൊടിയിടയില്‍ ബ്രഹ്മാവിന്റെ അഞ്ചുതലകളിലൊന്നു ശിവന്‍ നശിപ്പിച്ചു.
കോപാക്രാന്തനായ ശിവന്റെ ഈ പ്രവൃത്തി കണ്ട പാര്‍വതി ഞെട്ടി.
തന്റെ ഭര്‍ത്താവ് ഇത്രമാത്രം കോപമുള്ളവനാണെങ്കില്‍ താന്‍ എങ്ങനെയാണ് ജീവിതകാലം മുഴുവന്‍ അദ്ദേഹത്തോടൊപ്പം കഴിയുക?- പാര്‍വതി സ്വയം ചോദിച്ചു.
ശിവന്റെ കോപം അല്പം തണുത്തപ്പോള്‍ പാര്‍വതി ശിവനോട് അനുനയ സ്വരത്തില്‍ പറഞ്ഞു:
”അങ്ങയുടെ കോപം കണ്ടിട്ട് എനിക്ക് ഭയം തോന്നുന്നു.
ഇത്രമാത്രം കോപിക്കുന്ന അങ്ങയോടൊപ്പം ഞാന്‍ എങ്ങനെയാണു കഴിയുക?
അങ്ങയോടൊപ്പമുള്ള എന്റെ ജീവിതം സന്തോഷപൂര്‍ണമാകണമെങ്കില്‍ അങ്ങ് കോപം പരിപൂര്‍ണമായും ഉപേക്ഷിക്കണം. അതു സാധ്യമല്ലെങ്കില്‍ മരിക്കുവാന്‍ എന്നെ അനുവദിക്കുക.”
ഞാന്‍ ഇനി ഒരിക്കലും കോപിക്കില്ല എന്ന് പരമ ശിവൻ പാര്‍വതിയുടെ മുമ്പില്‍ ആണയിട്ടു.
കോപിക്കയില്ലെന്നു പാര്‍വതിയുടെ മുമ്പില്‍ ആണയിട്ട പരമശിവന്‍ തന്റെ കോപ൦ നശിപ്പിക്കാന്‍ ഒരു കാര്യം കൂടി ചെയ്തു.
പരമശിവന്‍ തന്റെ കോപം മുഴുവന്‍ തന്നില്‍നിന്നു ചോര്‍ത്തിയെടുത്ത് അനസൂയയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. അതിന്റെ ഫലമായിട്ടാണത്രേ അത്രി മഹര്‍ഷിയുടെ ഭാര്യയായ അനസൂയയില്‍ നിന്ന് ദുര്‍വാസാവ് എന്ന മഹാമുനി ജനിച്ചത്
എന്തിനാണ് ശിവന്‍ തന്റെ കോപം മുഴുവന്‍ സമാഹരിച്ചെടുത്ത് അനസൂയയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചത് ?
ത്രിമൂര്‍ത്തികള്‍ മൂന്നുപേരും തന്റെ ഉദരത്തിലൂടെ തന്റെ പുത്രന്മാരായി ജനിക്കണമെന്ന് അനസൂയ ഒരിക്കല്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്രെ .
ഈ ആഗ്രഹത്തെ സഫലിക്കരിക്കാനാണ് ശിവന്‍ തന്റെ കോപത്തെ അനസൂയയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചതും അതുവഴിയായി ദുര്‍വാസാവ് ജനിക്കാനിടയായതും .
പരമ ശിവനു തന്റെ കോപത്തെ തന്നില്‍നിന്നു ചോര്‍ത്തിയെടുത്തു പുറത്തുകളയുവാനുള്ള ദിവ്യശക്തിയുണ്ടായിരുന്നു. പക്ഷെ അങ്ങനെയുള്ള ശക്തിയൊന്നും നമുക്ക് ലഭിച്ചിട്ടില്ലലോ.
എങ്ങനെ കോപം നിയന്ത്രണ വിധേയമാക്കാം ?
കോപം നിയന്ത്രണവിധേയമാകണമെങ്കില്‍ ആദ്യമേതന്നെ നമ്മുടെ കോപത്തെക്കുറിച്ചും അതിന്റെ ദുഷ്ഫലങ്ങളെക്കുറിച്ചും അറിവും,ലജ്ജയും,ദുഃഖവും തോന്നണം.
ത്രിമൂര്‍ത്തികളിലൊരാളായ തനിക്കു നിയന്ത്രണംവിട്ട കോപം ഒട്ടും ഭൂഷണമല്ലെന്നു ശിവന്‍ മനസിലാക്കി. തന്മൂലമാണ് ശിവന്‍ തന്റെ കോപത്തെ ഇല്ലായ്മ ചെയ്യാന്‍ തയാറായത്.
പരിധിവിട്ട കോപംകൊണ്ടു ഒന്നും നേടുന്നില്ല എന്ന വസ്തുത നാം മറക്കരുത് . മനസുവച്ചാല്‍ നമ്മുടെ കോപത്തെ തീര്‍ച്ചയായും നിയന്ത്രണവിധേയമാക്കാം.

Recent Comments