യദാർത്ഥ സ്നേഹം
“അല്ല ശ്രീ, ഏട്ടൻ പറഞ്ഞതു സത്യമാണോ.എനിക്കിനിയും വിശ്വസിക്കാൻ കഴിയുന്നില്ല…
” അതേ ഏട്ടാ സത്യമാ പറഞ്ഞത്…എന്റെ ആങ്ങള സമ്മതിച്ചു. അനിയത്തിക്കുട്ടീടെ ഇഷ്ടമാണ് വലുതെന്ന്…
ശ്രീയുടെ മറുപടി ആരെക്കാളും കണ്ണനെ സന്തോഷിപ്പിച്ചു..
“എനിക്കിനിയും….”
“ഇതാ കണ്ണേട്ടന്റെ കുഴപ്പം ആരെയും വിശ്വാസമില്ല…ആദ്യം സ്വന്തമായി ഒരു വിശ്വാസം ഉണ്ടാകട്ടെ..ഹും…
ശ്രീ മുഖം വെട്ടിത്തിരിച്ച് മുമ്പോട്ട് നടന്നു.കണ്ണനോടിച്ചെന്ന് അവളുടെ മുഖം കൈകളിൽ കോരിയെടുത്തു…
” എനിക്കു വിശ്വാസമാ എന്റെ പെണ്ണിനെ…”
കവിളിൽ ഒരുമ്മ നൽകാനൊരുങ്ങിയപ്പം അവൾ പതിയെ തെന്നിമാറി..
“അതെ.ഉമ്മവെപ്പൊക്കെ കല്യാണം കഴിഞ്ഞു മതി.ശ്രീയെന്നും കണ്ണേട്ടന്റെ മാത്രമായിരിക്കും….
അതും പറഞഞ്ഞപ്പോൾ ശ്രീയുടെ മുഖം സങ്കടത്തിലായി…
കണ്ണന്റെ നെഞ്ചിൽ വല്ലാത്തൊരു നൊമ്പരമുണർന്നു…
” എത്ര മനോഹരമായിട്ടാണു അവളെന്നെ പറഞ്ഞു പറ്റിച്ചത്.. എന്നിട്ട് ഇന്നവൾ മറ്റൊരുത്തന്റെ കയ്യും പിടിച്ചു തനിക്ക് മുമ്പിലൂടെ…
കണ്ണനു ഓർക്കുന്തോറും വിഷമം ഏറി വന്നു…
താനായിട്ട് അവളുടെ പിറകെ കൂടിയതല്ല.അവളുടെ ഇഷ്ടം കൂട്ടുകാരി വന്നറിയിച്ചപ്പോൾ ഒഴിഞ്ഞു മാറിയതാണ്…
“ടാ അവൾ നല്ല പെണ്ണാണു. നിന്നെയവൾക്ക് ഒരുപാടിഷ്ടമാണു….”
പിന്നെ മറുത്തൊന്നും പറഞ്ഞില്ല.ഇഷ്ടം തുറന്നു പറഞ്ഞു ഒരു വർഷക്കാലം പ്രണയിച്ചു.ഒരുപാട് സ്വപ്നങ്ങൾ കണ്ടു…എന്നിട്ടും അവസാനം അവൾ…
കരഞ്ഞു കലങ്ങിയ കണ്ണുകളിൽ കുറച്ചു വെള്ളം ഒഴിച്ചു.ഇനിയും ഒരുപാട് പെയ്യാനുള്ളതു പോലെ….
പെട്ടെന്ന് ഒരു തണുത്ത കരസ്പർശം ചുമലിൽ കണ്ണനു അനുഭവപ്പെട്ടു…
തൊട്ടു മുമ്പിൽ താമര…അവന്റെ പ്രിയ കൂട്ടുകാരി…
“സോറിയെടാ കണ്ണാ.അവളുടെ വീട്ടുകാർ നടത്തിയ ട്രാപ്പ് ആയിരുന്നു. നിങ്ങൾ അവസാനമായി കണ്ട ദിവസം മുതൽ അവൾ വീട്ടു തടങ്കലിൽ ആയിരുന്നു.. പാവം വന്ന ചെറുക്കനു സ്ത്രീധനത്തുക കൂടുതൽ കൊടുക്കാമെന്നു പറഞ്ഞപ്പോൾ സമ്മതം മൂളി…പിന്നെയെല്ലാം പെട്ടന്നായിരുന്നു…അവളൊരു കത്തു തന്നിട്ടുണ്ട്…”
താമര നൽകിയ എഴുത്ത് കണ്ണൻ തുറന്നു വായിച്ചു. കണ്ണുകൾ നിറഞ്ഞതു കാരണം അക്ഷരങ്ങൾ മൂടപ്പെട്ടെങ്കിലും അവനതു മുഴുവൻ വായിച്ചു. എന്നിട്ട് തളർന്നു താഴേക്കിരുന്നു…
“എന്തുപറ്റി കണ്ണാ…”
താമര വെപ്രാളപ്പെട്ടു..കത്തവൻ താമരക്കു നേരെ നീട്ടി…
അവളുടെ മിഴികൾ കത്തിലേക്ക് ആഴ്ന്നിറങ്ങി…
“പ്രിയപ്പെട്ട കണ്ണേട്ടനു…
എന്റെ വീട്ടുകാർ എന്നെ സമർത്ഥമായി പറ്റിക്കുകയായിരുന്നു.ഞാൻ വീട്ടുതടങ്കലിൽ ആയിരുന്നു. സ്ത്രീധനക്കൊതി മൂത്ത ചെറുക്കൻ എല്ലാം സമ്മതിച്ചു. മനസ്സുകൊണ്ട് ഞാൻ കണ്ണേട്ടന്റെ ഭാര്യയായവൾ.മറ്റൊരു പുരുഷൻ എന്റെ ശരീരത്തിൽ സ്പർശിക്കുന്ന ഇന്നുരാത്രി കൂടി കഴിഞ്ഞാൽ ശ്രീയിനി ഭൂമിക്കു മുകളിൽ കാണില്ല..കണ്ണേട്ടനെന്നെ വെറുക്കരുത്…
എന്നും കണ്ണേട്ടന്റെ മാത്രമായ ശ്രീ…
താമരയുടെ മിഴികളും ഒരരുവിയായി നിറഞ്ഞൊഴുകി…
” കണ്ണാ നമുക്ക് അവിടെ വരെയൊന്നു പോകാം.. അല്ലെങ്കിൽ ശ്രീ…”
വെപ്രാളപ്പെട്ട് കണ്ണൻ ചാടിയെഴുന്നേറ്റു.അവളെ നഷ്ടപ്പെട്ടങ്കിലും ശ്രീ മരിക്കാൻ പാടില്ല…
കണ്ണന്റെ ബൈക്കിനു പിന്നിലായി താമര കയറി. സമയം സന്ധ്യയോട് അടുത്തിരുന്നു…ഏതാനും മണിക്കൂർ യാത്രക്കൊടുവിൽ താമര പറഞ്ഞ വഴിയിലൂടെ വണ്ടി പാഞ്ഞു.അവസാനം ഒരു ആഡംബര വീടിനു മുമ്പിലെത്തി…
സെക്യൂരിറ്റിയോട് വിവരങ്ങൾ ധരിപ്പിച്ചു. പെർമിഷൻ കിട്ടിയപ്പോൾ അവർ അകത്തു ചെന്നു…
അവരെ പ്രതീക്ഷിച്ചു ശ്രീയുടെ ഭർത്താവ് കാത്തിരിക്കുക ആയിരുന്നു…
അയാളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.പക്ഷേ അയാൾ നൽകിയ മറുപടിയിൽ ഞെട്ടിയത് കണ്ണനും താമരയുമായിരുന്നു…
“ശ്രീ പറഞ്ഞതൊക്കെ കളളമാണു.അവളുടെ സമ്മതപ്രകാരം തന്നെയാണ് വിവാഹം നടന്നത്.കണ്ണനോടുളള പ്രണയം അവൾക്ക് ടൈം പാസ് മാത്രം. ഇയാളെ ഒഴിവാക്കാൻ അവൾ നടത്തിയ നാടകമായിരുന്നു എല്ലാം…
കണ്ണൻ താൻ വീണ്ടും ചതിക്കപ്പെട്ടതിൽ ദുഖിതനായി…
” പിന്നെ ലെറ്റർ ഞാൻ പറഞ്ഞിട്ട് എഴുതിയതാണ്. താനിതു വായിച്ചാൽ ഇവിടെ വരുമെന്ന് അറിയാം.താൻ സ്നേഹിക്കുന്നവരെക്കാൾ കൂടുതൽ നമ്മൾ നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിക്കൂ കണ്ണാ.നിധി കയ്യിൽ വെച്ചിട്ട് കരിക്കട്ട തേടി നീയെന്തിനാ അലയുന്നത്…
കണ്ണനും താമരയും മുഖത്തോട് മുഖം നോക്കി അമ്പരന്നു…
“ഞെട്ടണ്ട.ഞാൻ പറഞ്ഞ നിധി താമരയാണു.അവളുടെ മിഴികളിലുണ്ട് നിന്നോടുളള സ്നേഹം. അല്ലെങ്കിൽ ഏതു പെണ്ണാടാ ഇത്രയും സമയം വൈകി മറ്റൊരു പുരുഷന്റെ കൂടെ വിശ്വസിച്ചു വരിക.അവൾക്ക് അത്രമേൽ നിന്നോട് വിശ്വാസവും സ്നേഹം ഉളളതിനാലാണു….”
കണ്ണൻ താമരയെ നോക്കിയപ്പോൾ അവൾ പതിയെ മുഖം താഴ്ത്തി.അയാളോട് യാത്രയും പറഞ്ഞു അവർ ഇറങ്ങി.
യാത്രയിലുട നീളം അവർ നിശബ്ദരായിരുന്നു.മൗനം തീക്ഷണമായപ്പോൾ അവൻ ബൈക്ക് റോഡരികിലേക്കുളള മൈതാനത്ത് ഇറക്കി…
പിന്നെയും നിമിഷങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു…
“താമരേ…. കണ്ണൻ വിറയാർന്ന സ്വരത്തിൽ വിളിച്ചു…
” എന്തോ….
“നിനക്ക് ഇഷ്ടമായിരുന്നോ എന്നെ….
” ഉം…. അവൾ ചെറുതായി മൂളി….
“എന്നു മുതൽ…
” ശ്രീ ഇഷ്ടം പറയുന്നതിനൊക്കെ മുമ്പ്…
“എന്നിട്ട് നീയെന്തെ ഇഷ്ടം പറഞ്ഞില്ല…
” നീ തെറ്റിദ്ധരിച്ചാലൊ എന്നു ഭയന്നു.പിന്നെ ശ്രീ നിന്നെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ നിങ്ങളുടെ നന്മമ മാത്രമാണ് ഞാൻ ആഗ്രഹിച്ചത്…
“ഇത്രയും നന്മ നിറഞ്ഞ പെണ്ണിനു ഞാനൊരു താലി ചാർത്തട്ടെ…
” ഉം ….
“മൂളാതെ…മറുപടി പറയ്…
” സമ്മതമാണ്….
വിറയാർന്ന സ്വരത്തിലവൾ അതു പറഞ്ഞു അവനോട് കൂടുതൽ ചേർന്നു.. പിന്നെ ഒന്നും ആലോചിച്ചില്ല അവൻ അവളെ മാറോടണച്ചു ….
✍🏻 ജിത്തു

Recent Comments