പ്രിയസുഹൃത്തേ നീ അരികിലുണ്ടാവുക…

അലി എന്നയാൾക്ക് ഒരിക്കൽ ധാരാളം പണത്തിന്റെ ആവശ്യം വന്നു. അയാൾ തന്റെ യജമാനനോട് സഹായമഭ്യർഥിച്ചു. പകരം യജമാനൻ അവന്റെ മുന്നിൽ വെച്ചത് ഒരു വെല്ലുവിളിയാണ്. ഒരു രാത്രി മുഴുവൻ ഒരു മലയുടെ മുകളിൽ തനിയെ കഴിഞ്ഞാൽ നിനക്ക് വലിയൊരു തുക പ്രതിഫലം നൽകാം. നീ പരാജയപ്പെട്ടാൽ ശേഷിച്ച ജീവിതകാലം മുഴുവൻ കൂലിയില്ലാതെ പണിയെടുക്കേണ്ടിവരും. അയാൾക്ക് ഭയം തോന്നി. താൻ പരാജയപ്പെടുമോ?. അയാൾ തന്റെ സുഹൃത്ത് എഡിയോട് സഹായമഭ്യർഥിച്ചു. ഒരുനിമിഷം ആലോചിച്ച ശേഷം എഡി പറഞ്ഞു. ഞാൻ നിന്നെ സഹായിക്കാം. നാളെ രാത്രി നീ ആ മലയുടെ മുകളിൽ ഇരിക്കുമ്പോൾ നേരെ മുമ്പിലേക്ക് നോക്കണം. എതിരെയുള്ള മലയുടെ മുകളിൽ ഞാനുണ്ടാകും. അവിടെ രാത്രിമുഴുവൻ നിനക്കുവേണ്ടി ഞാൻ തീ കത്തിച്ചുകൊണ്ടിരിക്കാം. ആ തീയിലേക്ക് നോക്കി നമ്മുടെ സൗഹൃദത്തെക്കുറിച്ചു ചിന്തിക്കു. അത് നിനക്ക് ചൂട് പകരും. അതിന് ശേഷം എന്റെ പ്രതിഫലം ചോദിച്ചുകൊള്ളാം.

അലി പന്തയം ജയിച്ചു. ധാരാളം പണവുംകിട്ടി. അയാൾ സുഹൃത്തിന്റെ വീട്ടിലെത്തി. ” ഇതാ നിന്റെ പ്രതിഫലം. അപ്പോൾ എഡി പറഞ്ഞു : എനിക്ക് വേണ്ടത് പണമല്ല ഒരു വാക്കാണ്. എന്റെ ജീവിതത്തിൽ എന്നെങ്കിലും ഒരു തണുത്ത കാറ്റ് വീശാൻ ഇടയായാൽ മറുവശത്ത് നീയും സൗഹൃദത്തിന്റെ തീയെരിക്കും എന്ന വാക്ക്.

ഇതുതന്നെയല്ലേ സൗഹൃദത്തിന്റെ ധർമ്മം. നല്ല സൗഹൃദങ്ങൾ ഉണ്ടായിരിക്കുക എന്നത് ഒരു ഭാഗ്യമാണ്. ഭാഗ്യവാന്മാർ വിരളവും. എപ്പോഴും നമ്മുടേതായ ഒരു സുഹൃത്ത് ഉണ്ടായിരിക്കേണ്ടത് അനിവാര്യതയാണ് തോന്നുന്നു. എന്തും തുറന്നുപറയാൻ, നമ്മുടെ സന്തോഷങ്ങൾ, സങ്കടങ്ങൾ, സ്വപ്നങ്ങൾ എന്തും പങ്കുവെക്കാൻ. അതാരുമാവാം… മാതാപിതാക്കളാവാം, സഹോദരങ്ങളാവാം സഖിയാവാം. വ്യക്തിപരമായി എനിക്ക് നല്ലൊരു സുഹൃത്താകാൻ കഴിയാറുണ്ടോ എന്ന്‌ പരിശോധിക്കാൻ സമയമായെന്ന് തോന്നുന്നു. വായിച്ചതോർക്കുന്നു ” നിന്റെ സങ്കടങ്ങൾ, സന്തോഷങ്ങൾ പങ്കുവെക്കാൻ എന്നെ തിരഞ്ഞെടുക്കുമ്പോഴാണ് ഞാൻ നിനക്ക് സുഹൃത്ത് ” എന്ന്. സ്വന്തം സുഖവിവരങ്ങൾ പങ്കുവെക്കാൻ ആരെല്ലാം നമ്മെ സമീപിക്കാറുണ്ട്, നമ്മെ തിരയാറുണ്ട്. അതിനാദ്യം സ്വയം സ്നേഹിക്കേണ്ടതുണ്ട്. തന്നെത്തന്നെ തിരിച്ചറിയുന്ന ഒരാൾക്കെ മറ്റൊരാളെ മനസ്സിലാക്കാൻ സാധിക്കൂ.

മക്കളുടെ സൗഹൃദങ്ങളെ പറ്റിയെല്ലാം വളരെ വേവലാതിപ്പെടുന്ന മാതാപിതാക്കളുള്ള കാലമാണ്. സൗഹൃദങ്ങളിൽ നിന്ന് മക്കളെ തടയുകയല്ല വേണ്ടത്, പകരം നിങ്ങൾക്ക് സാധിക്കുമോ അവരുടെ ഒരു നല്ല സുഹൃത്തായിരിക്കാൻ, അവരെ മനസ്സിലാക്കാൻ. നമ്മളിൽ എത്രപേർക്ക് നെഞ്ചിൽ കൈവച്ച് പറയാനാകും നമ്മുടെ മകൾക്ക് നമ്മോട് ഒന്നും മറക്കാനില്ലന്ന് , മറക്കാറില്ലെന്ന്. കുഞ്ഞുനാളിൽ എല്ലാം നിങ്ങളോട് തുറന്ന് പറഞ്ഞിരുന്ന മക്കൾ വളരുന്നതിനാനുസരിച്ച് പതിയെ അകലുന്നത് ശ്രദ്ധിച്ചിട്ടില്ലേ. നിങ്ങൾ കരുതുന്നുണ്ടോ അത് അവരുടെ തെറ്റാവുമെന്ന്. പലപ്പോഴും അവരെ തിരിച്ചറിയുന്നതിൽ, തിരുത്തുന്നതിൽ നാം കാണിച്ച അമിതാവേശമല്ലേ ഇതിന് കാരണം. എനിക്കറിയാം ഏതുനേരത്ത് കയറിചെന്നാലും പരിഭവമേതുമില്ലാതെ മക്കളെയെന്ന പോലെ ഞങ്ങൾ സുഹൃത്തുക്കളെയും സ്വീകരിക്കുന്ന ഒരു അപ്പനെയും അമ്മയെയും. ഏത് പാതിരാത്രിയിലും ധൈര്യമായി കയറിച്ചെല്ലാൻ തുറന്നിട്ട വാതിലാവുന്നവർ. എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തുന്നുണ്ടിവർ.

നമ്മുടെ മക്കൾ വഴിതെറ്റില്ല, സൗഹൃദങ്ങൾ അവരെ കൂടുതൽ നല്ല മനുഷ്യരാക്കും. ഇടക്കെങ്കിലും അവരോടൊത്ത് കുറച്ച് സമയം ചിലവഴിക്കാൻ കഴിഞ്ഞാൽ. അവരെ അവരായി മനസ്സിലാക്കാൻ കഴിഞ്ഞാൽ. മക്കൾക്ക്‌വേണ്ടി എല്ലാം സമ്പാദിക്കുന്ന നമുക്ക് അവരെ മനസ്സിലാക്കാൻ കഴിയാതെ പോയാലോ എന്തൊരു ദുര്യോഗമാണത്. ഇന്ന് കൊറോണ എന്ന മഹാമാരി എല്ലാവരെയും കുടുംബങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നുണ്ട്. ഈ നാളുകൾ നമുക്ക് കൂടുതൽ ഊഷ്മളമായി ചിലവാക്കാൻ നമുക്കാവട്ടെ. നമ്മുടെ കുഞ്ഞുങ്ങളെ അടുത്തറിയാൻ, അവരുടെ നല്ല സുഹൃത്തുക്കളായിരിക്കാൻ… ഇത് നല്ല സൗഹൃദങ്ങൾ ധ്യാനിക്കപ്പെടേണ്ട അവസരമാണെന്ന് തോന്നുന്നു. “പ്രിയസുഹൃത്തേ നീ അരികിലുണ്ടാവുക, എന്റെ താബോറിലും ഗദ്സമനിയിലും… എന്ന പ്രാർഥനയോടെ.

✍അളിയച്ചാർ

Share:
Category:Inspiration
PREVIOUS POST
A MONASTIC SOJOURNER
NEXT POST
ദൈവത്തിന്റെ സ്നേഹം
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!